ഒമാൻ: വാണിജ്യ തട്ടിപ്പ് തന്ത്രങ്ങളെക്കുറിച്ച് CPA മുന്നറിയിപ്പ് നൽകി

GCC News

വിൽപ്പന കേന്ദ്രങ്ങളിൽ നടക്കുന്ന വിവിധ വാണിജ്യ തട്ടിപ്പ് തന്ത്രങ്ങളെക്കുറിച്ച് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വ്യാജമായതും, കേടായതുമായ സാധനങ്ങളുടെ വില്പന, ഉൽപ്പന്നങ്ങളുടെ കാലാവധി തീയതികളിൽ മാറ്റം വരുത്തൽ, ഉൽപ്പന്നങ്ങളുടെ ഉത്ഭവമോ, ഘടനയോ തെറ്റായി രേഖപ്പെടുത്തൽ എന്നിവയുൾപ്പെടെ വിൽപ്പന കേന്ദ്രങ്ങളിൽ നടക്കുന്ന വാണിജ്യ തട്ടിപ്പുകളുടെ നിരവധി രൂപങ്ങളെക്കുറിച്ച് CPA ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സാധനങ്ങൾ വാങ്ങുന്ന അവസരങ്ങളിൽ ഉപഭോക്താക്കൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്ന് CPA-യുടെ നോർത്ത് അൽ ബത്തിനയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്:

  • വ്യാജമോ, കേടായതോ ആയ ഉൽപ്പന്നങ്ങളുടെ വിൽപ്പന, ഉൽപ്പന്നങ്ങളുടെ കാലാവധി അല്ലെങ്കിൽ ഉൽപ്പാദന തീയതികളിൽ മാറ്റം വരുത്തൽ തുടങ്ങിയ പ്രവണതകൾ.
  • സാധനങ്ങളുടെ തരം, ആധികാരികത, സ്വഭാവം അല്ലെങ്കിൽ ഘടന എന്നിവ തെറ്റായി രേഖപ്പെടുത്തുക.
  • കാലഹരണ തീയതികളിൽ തിരുത്തൽ, ഉത്ഭവ രാജ്യം വ്യാജമായി രേഖപ്പെടുത്തുക തുടങ്ങിയ പ്രവണതകൾ.
  • ഉൽപ്പന്നങ്ങളുടെ യഥാർത്ഥ സ്വഭാവമോ സവിശേഷതകളോ പ്രതിഫലിപ്പിക്കാത്ത രീതിയിലുള്ള പരസ്യങ്ങൾ.
  • പ്രസ്താവിച്ച അളവിനേക്കാൾ കുറഞ്ഞ അളവിൽ ഉപഭോക്താക്കൾക്ക് സാധനങ്ങൾ നൽകുന്നതിനായി ഉൽപ്പന്നങ്ങളുടെ തൂക്കത്തിൽ കൃത്രിമം കാണിക്കുക.
  • അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കാത്തതോ വികലമായതോ ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്നതോ ആയ കണ്ടെയ്നറുകൾ, പാത്രങ്ങൾ, പാക്കേജിംഗ്, റാപ്പറുകൾ, ലേബലുകൾ അല്ലെങ്കിൽ അച്ചടിച്ച വസ്തുക്കൾ എന്നിവ ഉപയോഗിക്കുക.

ഷോപ്പിംഗ് നടത്തുന്ന അവസരങ്ങളിൽ ഉൽപ്പന്ന വിവരങ്ങൾ, പാക്കേജിംഗ്, ഭാരം, കാലഹരണ തീയതികൾ എന്നിവയിൽ ശ്രദ്ധ ചെലുത്തണമെന്നും സംശയാസ്പദമായ ലംഘനങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും അതോറിറ്റി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.