ദുബായ്: അൽ ഖുദ്ര റോഡിൽ പുതിയ പാലം തുറന്നു

GCC News

അൽ ഖുദ്ര റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്ഷനിൽ ഒരു പുതിയ പാലം തുറന്നു. 2026 ഓഗസ്റ്റ് 9-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഇക്കാര്യം അറിയിച്ചത്.

നാല് വരികളുള്ള ഈ പാലത്തിന് 700 മീറ്റർ നീളമുണ്ട്‌. മണിക്കൂറിൽ 6000 വാഹനങ്ങൾക്ക് വരെ കടന്ന് പോകാനാകുന്ന രീതിയിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.

അൽ ഖുദ്ര റോഡിലൂടെ അൽ ഖുദ്ര സിറ്റിയിലേക്കുള്ള ഗതാഗതം ഈ പാലം വഴി സാധ്യമാകുന്നതാണ്. മേഖലയിലെ ഗതാഗതം സുഗമമാക്കുന്നതിനും, പ്രദേശത്തെ പ്രധാന ഇടനാഴികൾ തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിനും ഈ പാലം സഹായകമാകുന്നതാണ്.

അൽ ഖുദ്ര റോഡും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റും തമ്മിലുള്ള ഇന്റർസെക്ഷനിൽ തെക്ക് ഭാഗത്തായി, വലതുവശത്താണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. ഈ ഇന്റർസെക്ഷൻ നവീകരണത്തിന്റെ ഭാഗമായാണ് ഈ പുതിയ പാലം നിർമ്മിച്ചത്.

2026-ലെ നാലാം പാദത്തിൽ, എല്ലാ ദിശകളിലേക്കും സുഗമമായ ഗതാഗതം സാധ്യമാക്കുന്നതിനായി RTA ഈ ഇന്റർസെക്ഷനിൽ സൈഡ് റാമ്പ് പാലങ്ങൾ തുറക്കുന്നതാണ്.

നിരവധി കവലകൾ നവീകരിക്കുന്നതും, 4,000 മീറ്റർ നീളമുള്ള പാലങ്ങൾ നിർമ്മിക്കുന്നതും, അൽ ഖുദ്‌റ റോഡിന്റെ 11.6 കിലോമീറ്റർ നീളമുള്ള വികസനവും ഉൾപ്പെടയുള്ള നിർമ്മാണപ്രവർത്തനങ്ങൾ ഉൾപ്പെടുന്നതാണ് ഈ പദ്ധതി. ഈ പ്രവൃത്തികൾ റോഡിന്റെ ശേഷി വർദ്ധിപ്പിക്കുകയും യാത്രാ സമയം 70% കുറയ്ക്കുകയും (9.4 മിനിറ്റിൽ നിന്ന് 2.8 മിനിറ്റായി) ചെയ്യുന്നതാണ്.