ഇ-സ്‌കൂട്ടറുകൾ സുരക്ഷിതമായി ഉപയോഗിക്കാൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു

GCC News

ഇലക്ട്രിക് സ്കൂട്ടറുകൾ ഉത്തരവാദിത്തത്തോടെയും, സുരക്ഷിതമായും ഉപയോഗിക്കാൻ പൊതുജനങ്ങളോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തു. 2026 സെപ്റ്റംബർ 26-നാണ് അബുദാബി പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ഇ-സ്‌കൂട്ടറുകൾക്കായി അനുവദിക്കപ്പെട്ട പാതകളും സുരക്ഷാ നിയമങ്ങളും പാലിക്കണമെന്ന് അബുദാബി പോലീസ് ഇ-സ്‌കൂട്ടർ യാത്രികരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ഇവ ഉപയോഗിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്കും പരിക്കുകൾക്കും കാരണമായേക്കാമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എമിറേറ്റിലെ റോഡുകളിൽ ഇ-സ്‌കൂട്ടർ ഉപയോഗിക്കുന്നവർക്കിടയിൽ സുരക്ഷ സംബന്ധിച്ച് അവബോധം വളർത്തുന്നതിനായാണ് ഇത്തരം ഒരു അറിയിപ്പ്. ഈ അറിയിപ്പ് പ്രകാരം അബുദാബിയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർ താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്:

  • ഇത്തരം വാഹനങ്ങൾ അവയ്ക്കായി അനുവദിക്കപ്പെട്ട പാതകളിൽ മാത്രം ഉപയോഗിക്കേണ്ടതാണ്.
  • പ്രധാന റോഡുകളിൽ ഇവയുടെ ഉപയോഗം ഒഴിവാക്കേണ്ടതാണ്.
  • മറ്റു വാഹനങ്ങൾക്കിടയിലൂടെ അപകടകരമായ രീതിയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിച്ച് സഞ്ചരിക്കുന്നതും, തിരക്കേറിയ പ്രദേശങ്ങളിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  • ഇ-സ്‌കൂട്ടർ യാത്രികർ തങ്ങളുടെ കാൽമുട്ട്, കൈമുട്ട് എന്നിവ സംരക്ഷിക്കുന്നതിനുള്ള പാഡുകൾ, ഹെൽമറ്റ് എന്നിവ ധരിക്കേണ്ടതാണ്.
  • ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും കാര്യത്തിൽ രക്ഷിതാക്കൾ കൂടുതൽ സജീവമായ മേൽനോട്ടം വഹിക്കണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

ഇത്തരം സുരക്ഷാ നിബന്ധനകൾ ഇ-സ്‌കൂട്ടർ യാത്രികരുടെയും, റോഡിലെ മറ്റു യാത്രികർ, കാൽനടയാത്രക്കാർ എന്നിവരുടെയും സംരക്ഷണം മുൻനിർത്തിയുള്ളതാണെന്ന് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.