ഒമാൻ: സമൂഹ മാധ്യമങ്ങളിലൂടെ മറ്റ് രാജ്യങ്ങളെയോ നേതാക്കളെയോ അപമാനിക്കരുതെന്ന് മുന്നറിയിപ്പ്

GCC News

സമൂഹ മാധ്യമങ്ങളിലൂടെ മറ്റ് രാജ്യങ്ങളെയോ, നേതാക്കളെയോ, ജനങ്ങളെയോ അപമാനിക്കരുതെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2026 ഒക്ടോബർ 25-നാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

മറ്റ് രാജ്യങ്ങളെയോ അവിടങ്ങളിലെ നേതാക്കളെയോ ദേശീയ ചിഹ്നങ്ങളെയോ ജനങ്ങളെയോ അപമാനിക്കുന്നതോ, അപകീർത്തിപ്പെടുത്തുന്നതോ ആയ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.

മറ്റ് രാജ്യങ്ങളുമായുള്ള ഒമാന്റെ ബന്ധത്തെ ദോഷകരമായി ബാധിച്ചേക്കാവുന്ന എല്ലാ തരത്തിലുള്ള പ്രസ്താവനകളും പ്രവർത്തികളും ഒഴിവാക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന അവസരങ്ങളിൽ പൊതുജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറാനും സംയമനം പാലിക്കാനും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റ് രാജ്യങ്ങളെയോ, അവിടങ്ങളിലെ ചിഹ്നങ്ങളെയോ, ജനങ്ങളെയോ വേദനിപ്പിക്കുന്ന തരത്തിലുള്ളതോ, അവരുമായി ഒമാൻ പുലർത്തുന്ന നയതന്ത്ര ബന്ധങ്ങൾക്ക് കോട്ടം തട്ടിക്കുന്നതോ ആയ പ്രസ്താവനകളോ പ്രവർത്തികളോ ഒഴിവാക്കണമെന്ന് പ്രോസിക്യൂഷൻ നിർദ്ദേശിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുക, അവ വീണ്ടും പോസ്റ്റ് ചെയ്യുക, പങ്ക് വെക്കുക, അവ പങ്ക് വെക്കുന്നതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുക എന്നിവ ഉൾപ്പടെ നിയമപ്രകാരം കുറ്റകരമെന്ന് കണക്കാക്കപ്പെടുന്ന ഏതെങ്കിലും തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്ന വ്യക്തികൾ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അപകീർത്തികരമോ കുറ്റകരമോ ആയ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതുമൂലം ഉണ്ടാകാവുന്ന നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ അധികൃതർ, ഇത്തരം ഉള്ളടക്കങ്ങൾ ആദ്യമായി പ്രസിദ്ധീകരിക്കുന്നവർക്കും, അവ വീണ്ടും പ്രചരിപ്പിക്കുന്നവർക്കും ഈ മുന്നറിയിപ്പ് ഒരുപോലെ ബാധകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.