സൗദി: തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ സഹായിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ പിഴ, 6 മാസം വരെ തടവ്

GCC News

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികളെ സഹായിക്കുന്നത് വലിയ ശിക്ഷകൾ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2026 നവംബർ 2-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച ഒരു അറിയിപ്പ് നൽകിയത്.

ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റെസിഡൻസി നിയമങ്ങളോ തൊഴിൽ നിയമങ്ങളോ ലംഘിക്കുന്ന വ്യക്തികൾക്ക് യാത്രാ സേവനങ്ങൾ നൽകുകയോ, അവർക്ക് ജോലി നൽകുകയോ, അഭയം നൽകുകയോ, അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള സഹായം നൽകുകയോ ചെയ്യുന്നവർക്ക്, ഒരു ലക്ഷം സൗദി റിയാൽ വരെ പിഴയും, ആറു മാസം വരെ തടവുശിക്ഷയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത് കൂടാതെ, ഇത്തരം സഹായങ്ങൾ നൽകുന്ന കുറ്റക്കാർ വിദേശികളാണെങ്കിൽ അവരെ സൗദി അറേബ്യയിൽ നിന്ന് നാടുകടത്തുകയും ചെയ്യുന്നതാണ്.

തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളിലെ വീഴ്ച്ചകളും, റെസിഡൻസി, തൊഴിൽ നിയമലംഘനങ്ങളും ഇത്തരത്തിൽ അധികൃതരുമായി റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

മക്ക, മദീന, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദി അറേബ്യയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.