രാജ്യത്തെ ആറ് പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി ഒമാൻ പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ ആറ് പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി പരിസ്ഥിതി നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. അൽ ഖൈറാൻ നേച്ചർ റിസർവ്, റാസ് അൽ ഷജാർ നേച്ചർ റിസർവ്, അൽ ബുറൈമി ഒയാസിസ് നേച്ചർ റിസർവ്, അൽ ദാഹിറ നേച്ചർ റിസർവ്, അൽ ജബൽ അൽ ഗർബി നേച്ചർ റിസർവ്, ഖൗർ സലാല നേച്ചർ റിസർവ് എന്നീ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ച പുതിയ നിയമങ്ങൾ പ്രകാരം ഒമാനിലെ ഈ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ ക്യാമ്പിംഗ്, ഫോട്ടോഗ്രാഫി, ഗവേഷണം, മറ്റ് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഇനി മുതൽ അനുമതി പത്രം നിർബന്ധമാക്കുന്നതാണ്. പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും ദുർബലമായ ആവാസവ്യവസ്ഥകളെ നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.
പുതിയ നിയമങ്ങൾ അനുസരിച്ച് നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ള ഈ പ്രകൃതി സംരക്ഷിത പ്രദേശങ്ങളിൽ പ്രവേശിക്കുക, സഞ്ചരിക്കുക, ക്യാമ്പ് ചെയ്യുക, രാത്രി തങ്ങുക, ഫോട്ടോ എടുക്കുക, ശാസ്ത്രീയ പഠനങ്ങൾ നടത്തുക, കന്നുകാലികളെ മേയ്ക്കുക, കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിന് വ്യക്തികളും സ്ഥാപനങ്ങളും അതോറിറ്റിയിൽ നിന്ന് പ്രത്യേക അനുമതി നേടേണ്ടതുണ്ട്.
ഇത്തരം പ്രകൃതി സംരക്ഷിത പ്രദേശങ്ങളിൽ കിണർ കുഴിക്കൽ, പര്യവേക്ഷണം, ഖനനം, നിർമ്മാണം, മരം നടൽ, ഫോസിലുകൾ, പുരാവസ്തുക്കൾ, കല്ലുകൾ എന്നിവ ശേഖരിക്കൽ തുടങ്ങിയ പ്രവർത്തികൾ ചെയ്യുന്നതിനും പെർമിറ്റ് ആവശ്യകതകൾ ബാധകമാണ്. ആവശ്യമായ അനുമതികളില്ലാതെ നിയന്ത്രിത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഉൾപ്പെടെ, ചട്ടങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഭരണപരമായ പിഴകളും മറ്റ് ശിക്ഷാനടപടികളും നേരിടേണ്ടി വന്നേക്കാവുന്നതാണ്.

