ഖത്തറിൽ COVID-19 വ്യാപനം തടയുന്നതിനായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ ഏതാനം ദിവസങ്ങളിൽ രാജ്യത്തുണ്ടായിട്ടുള്ള കൊറോണ ബാധിതരുടെ എണ്ണത്തിലെ വർദ്ധനവ് കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.
ഇന്നലെ മാത്രം രാജ്യത്ത് 1365 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഖത്തറിൽ ആകെ COVID-19 ബാധിതർ 33969 ആയിട്ടുണ്ട്.
ഖത്തറിൽ നടപ്പിലാക്കുന്ന പുതിയ COVID-19 നിയന്ത്രണങ്ങൾ:
- വീടുകൾക്ക് പുറത്ത് യാത്രചെയ്യുന്നവർ സ്മാർട് ഫോണുകളിൽ നിർബന്ധമായും ആഭ്യന്തര മന്ത്രാലയത്തിന്റെ ‘EHTERAZ’ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് അധികൃതർ വ്യക്തമാക്കി. വീടുകൾക്ക് പുറത്തിറങ്ങുന്നതിന് രാജ്യത്തെ പൗരന്മാർക്കും, നിവാസികൾക്കും ഇത് ബാധകമാക്കിയിട്ടുണ്ട്. മെയ് 22 മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഈ നിയമം തുടരും.
- വാഹനങ്ങളിൽ രണ്ടിലധികം ആളുകൾ യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി. അതെ സമയം ടാക്‌സികൾ, കുടുംബ വാഹനങ്ങൾ എന്നിവയിൽ 3 പേർക്ക് അനുവാദമുണ്ട്. ആംബുലസുകൾ, മറ്റ് അടിയന്തിര സ്വഭാവമുള്ള സേവനങ്ങൾ എന്നിവയ്ക്ക് ഈ നിയമം ബാധകമല്ല. ബസുകളിൽ പരമാവധി ശേഷിയുടെ പകുതി ആളുകളെ മാത്രം അനുവദിക്കാനുള്ള തീരുമാനം തുടരും. ഈ നിയന്ത്രണങ്ങൾ മെയ് 19, ചൊവ്വാഴ്ച്ച മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും.
- കായിക പ്രവർത്തനങ്ങളുടെ പരിശീലനങ്ങൾ സമൂഹ അകലം ഉറപ്പാക്കിക്കൊണ്ടും മാസ്ക് ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ചും മാത്രമേ അനുവദിക്കു. ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്ന തരത്തിലുള്ള ഒരു കായിക വിനോദങ്ങളും അനുവദിക്കില്ല. ഈ നിയന്ത്രണങ്ങളും മെയ് 19, ചൊവ്വാഴ്ച്ച മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും.
- മെയ് 19 മുതൽ മെയ് 30 വരെ ഭക്ഷ്യ വിപണന കേന്ദ്രങ്ങൾ, ഫാർമസി, റെസ്റ്റാറന്റുകൾ (പാർസൽ മാത്രം) മുതലായ അത്യാവശ്യ സേവനങ്ങൾ ഒഴികെയുള്ള എല്ലാ വാണിജ്യ പ്രവർത്തനങ്ങളും നിർത്തിവെക്കാനും കടകൾ അടച്ചിടാനും തീരുമാനിച്ചു.
ഈ നിയന്ത്രണങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും, നിയമലംഘനങ്ങൾക്കെതിരെ പകർച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾക്ക് ഖത്തറിൽ 3 വർഷം വരെ തടവും 2 ലക്ഷം റിയാൽ പിഴയും ലഭിക്കാം. COVID-19 വ്യാപനം തടയുന്നതിനായി മെയ് 17 മുതൽ ഖത്തറിൽ പൊതു ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി കൊണ്ട് സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു.