മുസഫ: COVID-19 പരിശോധനകളുടെ മൂന്നാം ഘട്ടം ആരംഭിച്ചു

GCC News

മുസഫയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ നടപടികളുടെയും മൂന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH), മെയ് 27-നു രാത്രി അറിയിച്ചു. മുസഫയിലെ ബ്ലോക്ക് 16-ലാണ് മൂന്നാം ഘട്ടത്തിൽ COVID-19 ടെസ്റ്റിംഗ് നടപടികളും, ശുചീകരണ പ്രക്രിയകളും നടപ്പിലാക്കുന്നത്.

DOH-ഉം മറ്റ് അനുബന്ധ വകുപ്പുകളും സംയുക്തമായി നടപ്പിലാക്കുന്ന ഈ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി ബ്ലോക്ക് 16-ലെ എല്ലാ വിദേശ തൊഴിലാളികളെയും സൗജന്യമായി പരിശോധിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

മെയ് 9 മുതൽ ആരംഭിച്ച ഈ പരിശോധനകളുടെ ആദ്യ ഘട്ടത്തിൽ മുസഫയിലെ 3, 5, 6, 23 എന്നീ ബ്ലോക്കുകളിലും, രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് 10, ബ്ലോക്ക് 13 എന്നിവിടങ്ങളിലും തൊഴിലാളികളുടെ ഇടയിൽ കൊറോണ വൈറസ് പരിശോധനകൾ നടത്തിയിരുന്നു.

അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്ന ബ്ലോക്കുകളിലേക്ക് പ്രവേശിക്കുന്നതിന് തൊഴിലാളികൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകുമെങ്കിലും, വാണിജ്യ പ്രവർത്തനങ്ങൾ തടസപ്പെടില്ല എന്ന് DOH അറിയിച്ചിട്ടുണ്ട്. വിസ ചട്ട ലംഘനങ്ങൾ ഉള്ളവർക്കും ഈ ആരോഗ്യ പരിശോധനയിൽ പങ്കെടുക്കാമെന്നും, ഇവർക്കെതിരെ യാതൊരു തരത്തിലുള്ള നിയമ നടപടികളും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും വിജയത്തിനായി, അതാത് മേഖലകളിലെ കാമ്പയിൻ അഡ്‌മിനിസ്ട്രേറ്റർമാർ നൽകുന്ന ഓരോ നിർദ്ദേശങ്ങളും പാലിക്കാനും, പൂർണ്ണമായി സഹകരിക്കാനും നിവാസികളോട് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.