അൽ ഐൻ ഇൻഡസ്ട്രിയൽ ഏരിയയിൽ നടപ്പിലാക്കുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും നാലാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു. ഇന്നലെ (ജൂൺ 21) രാത്രിയാണ് DOH ഇത് സംബന്ധിച്ച അറിയിപ്പുകൾ നൽകിയത്.
അബുദാബിയിലുടനീളം നടപ്പിലാക്കുന്ന തീവ്രമായ കൊറോണാ വൈറസ് പരിശോധനയുടെ ഭാഗമായാണ് ഈ നടപടികൾ. അൽ ഐൻ ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികളുടെയും, നിവാസികളുടെയും ഇടയിൽ COVID-19 പരിശോധനകൾ വ്യാപകമാക്കുന്നതിലൂടെ ഈ മേഖലയുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാണ് DOH-ഉം മറ്റ് അനുബന്ധ വകുപ്പുകളും സംയുക്തമായി നടപ്പിലാക്കുന്ന ഈ പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത്.
ആരോഗ്യ സുരക്ഷാ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന കാലാവധിയിൽ, അണുവിമുക്തമാക്കുന്ന മേഖലകളിൽ ചില നിയന്ത്രണങ്ങൾ ഉണ്ടാകുമെങ്കിലും, വാണിജ്യ പ്രവർത്തനങ്ങൾ തടസപ്പെടില്ല എന്ന് DOH അറിയിച്ചിട്ടുണ്ട്. വിസ ചട്ട ലംഘനങ്ങൾ ഉള്ളവർക്കും ഈ ആരോഗ്യ പരിശോധനയിൽ പങ്കെടുക്കാമെന്നും, ഇവർക്കെതിരെ യാതൊരു തരത്തിലുള്ള നിയമ നടപടികളും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുൻതൂക്കം നൽകുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം, നാഷണൽ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി, എമിറേറ്റിൽ നടപ്പിലാക്കുന്ന കൊറോണ വൈറസ് പരിശോധനകൾ അബുദാബി നഗരത്തിൽ ഏറെ ഫലപ്രദമായതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ അബുദാബി നഗരത്തിൽ, ആകെ പരിശോധിക്കുന്നവരിൽ 1 ശതമാനത്തിൽ താഴെ പേരിൽ മാത്രമേ രോഗം സ്ഥിരീകരിക്കുന്നുള്ളൂ എന്നറിയിച്ച കമ്മിറ്റി, സമാനമായ നേട്ടം അൽ ഐൻ, അൽ ദഫ്‌റ മേഖലകളിലും ലക്ഷ്യമിടുന്നതായി വ്യക്തമാക്കുകയുണ്ടായി.