2023-ൽ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 702 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഫെബ്രുവരി 18-നാണ് RTA ഇക്കാര്യം അറിയിച്ചത്.
ദുബായ് മെട്രോ, ദുബായ് ട്രാം, ബസ്, അബ്ര, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ്, ദുബായ് ടാക്സി, മറ്റു ഫ്രാൻഞ്ചൈസി ടാക്സി സംവിധാനങ്ങൾ, ഇ-ഹൈൽ, സ്മാർട്ട് കാർ റെന്റൽ, ബസ്-ഓൺ-ഡിമാൻഡ് തുടങ്ങിയ എല്ലാ പൊതുഗതാഗത സംവിധാനങ്ങളുടെയും ആകെയുള്ള കണക്കുകൾ പ്രകാരമാണിത്.
2022-നെ അപേക്ഷിച്ച് ഈ വർഷം യാത്രികരുടെ എണ്ണത്തിൽ 13% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും RTA കൂട്ടിച്ചേർത്തു. 2022-ൽ ഏതാണ്ട് 621.4 ദശലക്ഷം യാത്രികരാണ് ദുബായിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത്.
പ്രതിദിന യാത്രികരുടെ എണ്ണം കഴിഞ്ഞ വർഷം 1.92 ദശലക്ഷമായിരുന്നു. 2022-ൽ ഇത് പ്രതിദിനം 1.7 ദശലക്ഷമായിരുന്നു.