2024 ഫെബ്രുവരി 9 മുതൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റർനാഷണൽ എയർപോർട്ട് എന്ന് മാറ്റാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി. യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവ് പ്രകാരമാണ് ഈ തീരുമാനം.
2023 ഒക്ടോബർ 31-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ അത്യാധുനിക ടെർമിനലായ ‘ടെർമിനൽ എ’-യുടെ പ്രവർത്തനം 2023 നവംബർ 1 മുതൽ ആരംഭിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് യു എ ഇ രാഷ്ട്രപതി എയർപോർട്ട് പുനർനാമകരണം സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
ടെർമിനൽ എയിൽ നിന്നുള്ള പ്രവർത്തനങ്ങൾ നവംബർ 1 മുതൽ ആരംഭിക്കുന്ന സാഹചര്യത്തിൽ ഇതിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗവുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒക്ടോബർ 31-ന് ടെർമിനൽ സന്ദർശിച്ചിരുന്നു.
അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ അത്യാധുനിക ടെർമിനൽ 2023 നവംബർ ആദ്യം പ്രവർത്തനം ആരംഭിക്കുമെന്ന് അബുദാബി എയർപോർട്ട്സ് നേരത്തെ അറിയിച്ചിരുന്നു.
നിർമ്മാണ ഘട്ടത്തിൽ മിഡ്ഫീൽഡ് ടെർമിനൽ ബിൽഡിംഗ് എന്നറിയപ്പെടുന്ന ‘ടെർമിനൽ എ’ 742,000 ചതുരശ്ര മീറ്റർ ബിൽറ്റ്-അപ്പ് ഏരിയ ഉൾക്കൊള്ളുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.