അബുദാബി: ബസ് നിരക്ക് ഏകീകരിച്ചു; അടിസ്ഥാന നിരക്ക് 2 ദിർഹം

UAE

എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമായുള്ള ബസുകളുടെ നിരക്ക് ഏകീകരിക്കാൻ തീരുമാനിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു. പൊതുജനങ്ങൾക്കിടയിൽ ബസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണിത്.

ഇതിന്റെ ഭാഗമായി അബുദാബി നഗരത്തിലെയും, പ്രാന്തപ്രദേശങ്ങളിലെയും പൊതുഗതാഗത ബസ് സേവനങ്ങൾ ഏകീകരിക്കുന്നതായി ITC വ്യക്തമാക്കി. ഇതോടെ യാത്രികർക്ക് ഏകീകരിച്ചതും, കുറഞ്ഞതുമായ നിരക്കിൽ കൂടുതൽ ദൂരത്തേക്ക് ബസുകൾ ഉപയോഗിച്ച് സഞ്ചരിക്കാൻ സാധിക്കുന്നതാണ്.

ബസുകളുടെ അടിസ്ഥാന നിരക്ക് 2 ദിർഹം ആക്കി നിശ്ചയിച്ചതായും, അധികം വരുന്ന ഓരോ കിലോമീറ്ററിനും അഞ്ച് ഫിൽ‌സ് എന്ന നിരക്കിൽ ആയിരിക്കും അധികം ഈടാക്കുന്നതെന്നും ITC അറിയിച്ചു. ബസുകൾ മാറിക്കയറിയാലും, വ്യവസ്ഥകൾക്ക് വിധേയമായി, അധിക നിരക്ക് ഈടാക്കുന്നതല്ലെന്നും ITC കൂട്ടിച്ചേർത്തു.