എമിറേറ്റിലെ റോഡുകളിൽ മൂടൽമഞ്ഞ് അനുഭവപ്പെടുന്ന അവസരത്തിൽ സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ITC) അറിയിപ്പ് പുറത്തിറക്കി.
ഈ അറിയിപ്പ് പ്രകാരം, മൂടൽമഞ്ഞ് അനുഭവപ്പെടുന്ന അവസരത്തിൽ റോഡുകളിൽ വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾ പാലിക്കാൻ ITC ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്:
- മൂടൽമഞ്ഞിൽ വാഹനങ്ങളുടെ ഹസാഡ് ലൈറ്റുകൾ തെളിച്ച് കൊണ്ട് ഡ്രൈവ് ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്. അടിയന്തിര സാഹചര്യങ്ങളിൽ മാത്രമാണ് ഹസാഡ് ലൈറ്റുകൾ ഉപയോഗിക്കേണ്ടത്.
- മൂടൽമഞ്ഞ് മൂലം റോഡിലെ കാഴ്ച്ച തീരെ മറയുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും വാഹനങ്ങൾ ഉപയോഗിക്കരുത്. ഇത്തരം സന്ദർഭങ്ങളിൽ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ ഒരിടത്ത് വാഹനം നിർത്തിയിടേണ്ടതും, ഹസാഡ് ലൈറ്റുകൾ തെളിയിക്കേണ്ടതുമാണ്.
- മൂടൽമഞ്ഞ് ഉള്ള സമയങ്ങളിൽ ട്രക്ക് ഉൾപ്പടെയുള്ള ഭാരമേറിയ വാഹനങ്ങൾ റോഡിൽ നിന്ന് അകലെയുള്ള സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി നിർത്തിയിടേണ്ടതാണ്. മൂടൽമഞ്ഞ് അനുഭവപ്പെടുന്ന കാലാവസ്ഥയിൽ എമിറേറ്റിലെ റോഡുകളിൽ ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
- ഇത്തരം സാഹചര്യങ്ങളിൽ സ്കൂൾ ബസുകൾ ഉപയോഗിക്കരുത്.
എമിറേറ്റിലെ റോഡുകളിൽ മഴ, മൂടൽമഞ്ഞ് എന്നിവ അനുഭവപ്പെടുന്ന അവസരത്തിൽ വാഹനങ്ങൾ ഓടിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അബുദാബിയിലെ പ്രധാന റോഡുകളിലും, ഉൾറോഡുകളിലും മഴ, മൂടൽമഞ്ഞ്, പൊടിക്കാറ്റ് എന്നിവ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ഡ്രൈവർമാർ ശ്രദ്ധ പുലർത്തണമെന്നും, വാഹനങ്ങൾ കുറഞ്ഞ വേഗതയിൽ ഉപയോഗിക്കണമെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
എമിറേറ്റിലെ റോഡുകളിൽ മൂടൽമഞ്ഞ് ഉള്ള സമയങ്ങളിൽ ട്രക്കുകൾ ഉൾപ്പടെയുള്ള ഭാരമേറിയ വാഹനങ്ങൾ ഉപയോഗിക്കുന്നതിനെതിരെ അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂടൽമഞ്ഞ് അനുഭവപ്പെടുന്ന കാലാവസ്ഥയിൽ എമിറേറ്റിലെ റോഡുകളിൽ ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഈ വിലക്ക് മറികടക്കുന്ന വാഹനങ്ങൾക്ക് 500 ദിർഹം പിഴ, 4 ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷാനടപടികളുടെ ഭാഗമായി ചുമത്തുന്നതാണ്.
Cover Image: WAM.