എമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന മുഴുവൻ പേരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മുൻകൂട്ടി സൂചന നൽകാതെ വാഹനങ്ങൾ പെട്ടന്ന് തിരിക്കുന്ന ശീലം ഒഴിവാക്കാൻ അബുദാബി പോലീസ് ഡ്രൈവർമാരോട് നിർദ്ദേശിച്ചു. വാഹനങ്ങൾ റോഡിൽ പെട്ടന്ന് തിരിക്കുന്നത് മൂലവും, മുന്നറിയിപ്പില്ലാതെ അശ്രദ്ധമായി ലെയിൻ മാറുന്നത് മൂലവുമുണ്ടാകുന്ന അപകടങ്ങൾക്ക് 1000 ദിർഹം പിഴ ചുമത്തുമെന്നും അബുദാബി പോലീസ് കൂട്ടിച്ചേർത്തു.
മാർച്ച് 30-നാണ് പോലീസ് ഈ അറിയിപ്പ് നൽകിയത്. ലെയിൻ മാറുന്നതിന് മുൻപായി സ്വന്തം സുരക്ഷയും, റോഡിലെ മറ്റു വാഹനങ്ങളുടെ സുരക്ഷയും മുൻനിർത്തി വാഹനം ലെയിൻ മാറാൻ പോകുകയാണെന്ന് മറ്റു ഡ്രൈവർമാരെ അറിയിക്കുന്നതിനായുള്ള ഇൻഡികേറ്ററുകൾ നിർബന്ധമായും ഉപയോഗിക്കണമെന്നും പോലീസ് വ്യക്തമാക്കി.
വാഹനങ്ങൾ തിരിയുന്നത് സംബന്ധിച്ച് മുൻകൂട്ടി സൂചന നൽകാതെ പെട്ടന്ന് തിരിക്കുന്നത് മൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് താഴെ പറയുന്ന ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്നും അബുദാബി പോലീസ് വ്യക്തമാക്കി:
- ഇത്തരം അപകടങ്ങൾക്കിടയാക്കുന്ന വാഹനങ്ങൾക്ക് 1000 ദിർഹം പിഴ ചുമത്തും. ഇതോടൊപ്പം നാല് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണ്.
- പിഴയ്ക്ക് പുറമെ, അപകടങ്ങൾക്കിടയാക്കുന്ന ഇത്തരം വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുന്നതാണ്.
- ഇത്തരം വാഹനങ്ങൾ വിട്ട് കിട്ടുന്നതിനായി 5000 ദിർഹം അടയ്‌ക്കേണ്ടിവരുന്നതാണ്.
- മൂന്ന് മാസത്തിനിടയിൽ മുഴുവൻ പിഴതുകകളും അടച്ച്, തിരികെയെടുക്കാത്ത വാഹനങ്ങൾ ലേലം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.