സിഗ്നൽ കൂടാതെ വാഹനങ്ങൾ വരിതെറ്റിച്ച് ഓടിക്കുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

featured GCC News

എമിറേറ്റിലെ റോഡുകളിൽ കൃത്യമായ സിഗ്നൽ കൂടാതെ ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് വാഹനങ്ങൾ ദിശമാറ്റുന്നത് പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. 2024 ജൂൺ 22-നാണ് അബുദാബി പോലീസ് ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്.

എമിറേറ്റിൽ നടക്കുന്ന ഗുരുതര റോഡപകടങ്ങളിൽ പലതും അശ്രദ്ധമായി വരിതെറ്റിച്ച് വാഹനങ്ങൾ ഓടിക്കുന്നതും, മുന്നറിയിപ്പ് കൂടാതെ ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് വാഹനങ്ങൾ പെട്ടന്ന് ദിശമാറ്റുന്നതും മൂലമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ലെയിൻ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ പോലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇൻഡികേറ്ററുകൾ കൃത്യമായി ഉപയോഗിക്കാതെ വാഹനങ്ങൾ ദിശമാറ്റി ഓടിക്കുന്നത് പുറകിൽ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരിൽ അമ്പരപ്പ്‌ ഉണ്ടാക്കാനിടയുണ്ടെന്നും, ഇത് വാഹനാപകടങ്ങളിലേക്ക് നയിക്കാമെന്നും പോലീസ് കൂട്ടിച്ചേർത്തു.