അബുദാബി: സിഗ്നൽ കൂടാതെ വാഹനങ്ങൾ വരിതെറ്റിച്ച് ഓടിക്കുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ് നൽകി

featured UAE

എമിറേറ്റിലെ റോഡുകളിൽ കൃത്യമായ സിഗ്നൽ കൂടാതെ ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് വാഹനങ്ങൾ ദിശമാറ്റുന്നത് പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. എമിറേറ്റിൽ നടക്കുന്ന ഗുരുതര റോഡപകടങ്ങളിൽ പലതും അശ്രദ്ധമായി വരിതെറ്റിച്ച് വാഹനങ്ങൾ ഓടിക്കുന്നതും, മുന്നറിയിപ്പ് കൂടാതെ ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് വാഹനങ്ങൾ പെട്ടന്ന് ദിശമാറ്റുന്നതും മൂലമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

2022 ഒക്ടോബർ 4-നാണ് അബുദാബി പോലീസ് ഈ മുന്നറിയിപ്പ് ആവർത്തിച്ചത്. ഇൻഡികേറ്ററുകൾ കൃത്യമായി ഉപയോഗിക്കാതെ വാഹനങ്ങൾ ദിശമാറ്റി ഓടിക്കുന്നത് പുറകിൽ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരിൽ അമ്പരപ്പ്‌ ഉണ്ടാക്കാനിടയുണ്ടെന്നും, ഇത് വാഹനാപകടങ്ങളിലേക്ക് നയിക്കാമെന്നും പോലീസ് കൂട്ടിച്ചേർത്തു.

വാഹനങ്ങൾ വരിതെറ്റിച്ച് ഓടിക്കുന്നതും, ട്രാഫിക് നിയമങ്ങൾ പാലിക്കാതെ മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്യുന്നതും ഒഴിവാക്കാൻ പോലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് ദിശമാറ്റുന്നതിന് മുൻപായി ഇൻഡികേറ്ററുകൾ കൃത്യമായി ഉപയോഗിക്കാൻ പോലീസ് ആഹ്വാനം ചെയ്തു.

ഓവർടേക്ക് ചെയ്യുന്നതിനായി വാഹനം മറ്റൊരു ലെയിനിലേക്ക് മാറ്റുന്നത് ജാഗ്രതയോടെ വേണമെന്നും പോലീസ് കൂട്ടിച്ചേർത്തു. ഓവർടേക്ക് ചെയ്യുന്നതിനായി വാഹനം മാറ്റുന്നത് ഇടത് വശത്തെ ലെയിനിലേക്ക് മാത്രമായിരിക്കണമെന്നും പോലിസ് വ്യക്തമാക്കി.