ഗതാഗത നിയമങ്ങൾ പാലിക്കാതെ റോഡ് മുറിച്ചുകടക്കുന്നത് അപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ്

UAE

ഗതാഗത നിയമങ്ങൾ പാലിക്കാതെ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് വലിയ അപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ് കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി കാൽനടയാത്രികർക്ക് റോഡ് മുറിച്ച് കടക്കുന്നതിനായി പ്രത്യേകം ഏർപ്പെടുത്തിയിട്ടുള്ള ഇടങ്ങൾ ഉപയോഗപ്പെടുത്താൻ പോലീസ് പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു.

സിഗ്നലുകളിലും മറ്റും അശ്രദ്ധമായും, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ചുകടക്കുന്നതിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചും, സുരക്ഷിതമായി റോഡ് മുറിച്ച് കടക്കുന്നതിന്റെ മാർഗ്ഗങ്ങളെക്കുറിച്ചും ബോധവത്‌കരണം നൽകുന്നതിനുള്ള ഒരു വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ അബുദാബി പോലീസ് പങ്ക് വെച്ചു. 2021 ജനുവരി 10-നാണ് അബുദാബി പോലീസ് ഈ അറിയിപ്പ് നൽകിയത്.

സീബ്ര ക്രോസിങ്ങ്, കാൽനട യാത്രികർക്കുള്ള ടണലുകൾ, റോഡ് മുറിച്ച് കടക്കുന്നതിനായി പണിതിട്ടുള്ള പ്രത്യേക മേൽപ്പാലങ്ങൾ മുതലായ സംവിധാനങ്ങൾ റോഡ് സുരക്ഷ ഉറപ്പാക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഗതാഗത നിയമങ്ങൾ പാലിക്കാതെയും, അശ്രദ്ധമായും റോഡ് മുറിച്ച് കടക്കുന്നത് മൂലമുണ്ടാകുന്ന വിവിധ അപകടങ്ങളുടെ ദൃശ്യങ്ങളും പോലീസ് പങ്ക് വെച്ചിട്ടുണ്ട്.

അശ്രദ്ധമായും, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ച് കടക്കുന്ന പ്രവണത കാൽനടയാത്രികരെ വാഹനങ്ങൾ ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതായി പോലീസ് വ്യക്തമാക്കി. ഇതിനാൽ റോഡ് മുറിച്ച് കടക്കുന്നതിനായി, പ്രത്യേകം ഒരുക്കിയിട്ടുള്ള സംവിധാനങ്ങൾ ഉപയോഗിക്കേണ്ടതും, ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതും പരമ പ്രധാനമാണെന്ന് പോലീസ് ഓർമ്മപ്പെടുത്തി.

റോഡിലുള്ള ഇത്തരം നിയമലംഘനങ്ങൾ അവചെയ്യുന്നവരുടെയും മറ്റുള്ളവരുടെയും ജീവനു ഭീഷണിയുണ്ടാക്കുന്നതാണെന്നും പൊതുജനങ്ങൾ ഇത്തരം ലംഘനങ്ങൾ ഒഴിവാക്കണമെന്നും പോലീസ് ആഹ്വാനം ചെയ്തു. ഇങ്ങിനെ റോഡ് മുറിച്ച് കടക്കുന്നത് 400 ദിർഹം പിഴ ചുമത്താവുന്ന കുറ്റമാണ്.

റോഡിലെ അപകടങ്ങൾ കുറയ്ക്കുന്നതിനായി പദയാത്രികരുടെ സുരക്ഷയ്ക്കായി ജാഗ്രത പുലർത്താൻ വാഹനമോടിക്കുന്നവരോടും അബുദാബി പോലീസ് അധ്വാനം ചെയ്തിട്ടുണ്ട്. കാല്‍നടക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിനായുള്ള ഇടങ്ങളിൽ വാഹനങ്ങൾ കുറഞ്ഞ വേഗതയിൽ ഓടിക്കാനും, പദയാത്രികർക്ക് മുൻഗണന നൽകാനും ഡ്രൈവർമാരോട് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.കാൽനടയാത്രികരുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാർക്ക് 500 ദിർഹം പിഴ ചുമത്തുന്നതാണ്.