സൈക്കിൾ, ഇലക്ട്രിക്ക് ബൈക്ക് എന്നിവയുടെ ഉപയോഗം സംബന്ധിച്ച വീഴ്ച്ചകൾ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കിയതായും, ഇത്തരം നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. സ്വകാര്യ ആവശ്യങ്ങൾക്കായി ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്ന വ്യക്തികൾ വരുത്തുന്ന നിയമലംഘനങ്ങൾക്ക് അബുദാബി പോലീസുമായി ചേർന്നാണ് ITC പിഴ ചുമത്തുന്നത്.
എമിറേറ്റിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവർ ഉത്തരവാദിത്വബോധത്തോടെ അവ ഉപയോഗിക്കുന്നുണ്ടെന്നും, സമൂഹത്തിൽ ഇവയുടെ ഉപയോഗം സുരക്ഷിതമായാണെന്നും ഉറപ്പ് വരുത്തുന്നതിനായാണ് ITC ഈ നടപടികൾ സ്വീകരിക്കുന്നത്.
സൈക്കിൾ, ഇലക്ട്രിക്ക് ബൈക്ക് എന്നിവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങൾക്ക് 200 മുതൽ 500 ദിർഹം വരെ പിഴ ചുമത്തുന്നതാണ്. ഇത്തരം വാഹനങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ, സുരക്ഷാ നിർദ്ദേശങ്ങൾ, ട്രാഫിക് നിയമങ്ങൾ എന്നിവയുടെ ലംഘനങ്ങൾക്കും, ഇത്തരം വാഹനങ്ങൾ നിരോധിച്ചിട്ടുളള മേഖലകളിൽ അവ ഉപയോഗിക്കുന്നതിനുമാണ് പിഴ ചുമത്തുന്നത്.