പുതിയ അധ്യയന വർഷത്തിൽ നടപ്പിലാക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി

featured GCC News

2022-2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അബുദാബി പോലീസ് റോഡുകളിൽ ട്രാഫിക് പട്രോളിംഗ് ഊർജ്ജിതമാക്കി. അടുത്ത ആഴ്ച ക്‌ളാസുകൾ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെയും, അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ അബുദാബി പോലീസ് നടപ്പിലാക്കിയിട്ടുണ്ട്.

2022 ഓഗസ്റ്റ് 29, തിങ്കളാഴ്ച മുതലാണ് യു എ ഇയിലെ ഒട്ടുമിക്ക വിദ്യാലയങ്ങളിലും 2022-2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. വിദ്യാലയങ്ങളിലേക്ക് മടങ്ങിയെത്തുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് പ്രഥമ പരിഗണനയാണ് നൽകുന്നതെന്ന് അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ദാഹി അൽ ഹമിരി വ്യക്തമാക്കി.

ഇതിനായി സ്‌കൂൾ കെട്ടിടങ്ങളുടെ സമീപങ്ങളിലും, ഇവയ്ക്ക് അരികിലുള്ള ഇന്റർസെക്ഷനുകളുകളിലും പ്രത്യേക ട്രാഫിക് പട്രോൾ വിഭാഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവർ വിദ്യാലങ്ങൾക്ക് സമീപമുള്ള പ്രധാന വീഥികളും, ചെറു റോഡുകളും പ്രത്യേകമായി നിരീക്ഷിക്കുന്നതാണ്. കാൽനടക്കാർ റോഡ് മുറിച്ച് കടക്കുന്ന ഇടങ്ങളിൽ സുരക്ഷ ശക്തമാക്കുന്നതാണ്.

പുതിയ അധ്യയന വർഷവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കായി അബുദാബി പോലീസ് താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്:

  • കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി രക്ഷിതാക്കൾ റോഡുകളിൽ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.
  • 10 വയസിന് താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻ സീറ്റിൽ ഇരുത്തരുത്.
  • കുട്ടികൾ സ്‌കൂൾ ബസുകളിൽ കയറുന്ന അവസരത്തിലും, കയറുന്ന അവസരത്തിലും അവരെ റോഡ് മുറിച്ച് കടക്കുന്നതിന് രക്ഷിതാക്കൾ സഹായിക്കേണ്ടതാണ്.
  • വാഹനങ്ങൾ അവ നിർത്തിയിടാൻ അനുവാദമുള്ള ഇടങ്ങളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ്.
  • ട്രാഫിക് തടസം ഉണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ നിർത്തിയിടരുത്.
  • ബസുകളിൽ സുരക്ഷിതരായി കയറുന്നതിനും, ഇറങ്ങുന്നതിനും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകേണ്ടതാണ്.
  • ബസ് കാത്ത് നിൽക്കുന്ന അവസരത്തിൽ കുട്ടികൾ റോഡുകളിൽ കളിക്കുന്നില്ലെന്നും, അശ്രദ്ധയോടെ നിൽക്കുന്നില്ലെന്നും രക്ഷിതാക്കൾ ഉറപ്പ് വരുത്തേണ്ടതാണ്.
  • കുട്ടികളെ സ്വന്തം വാഹനങ്ങളിൽ സ്‌കൂളുകളിലേക്ക് കൊണ്ട് പോകുന്ന രക്ഷിതാക്കൾ അവർ കൃത്യമായി സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെന്നും, ചെറിയ കുട്ടികൾ അവർക്കുള്ള പ്രത്യേക സീറ്റുകളാണ് ഉപയോഗിക്കുന്നതെന്നും ഉറപ്പ് വരുത്തേണ്ടതാണ്.