ഹോം ക്വാറന്റൈനിൽ ഉള്ള വ്യക്തികൾ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് പുതിയ സ്മാർട്ട് ആപ്പ് സംവിധാനം കൊണ്ടുവന്നു. ‘സ്റ്റേ ഹോം’ എന്ന് പേരിട്ടിട്ടുള്ള ഈ ആപ്പ് ഹോം ക്വാറന്റൈനിൽ ഉള്ളവർ അവർക്ക് അനുവദിച്ച ഇടങ്ങളിൽ തുടരുന്നുണ്ടെന്ന് ഉറപ്പാക്കാനും, മറ്റുള്ളവരുമായി ഇടപഴകുന്നില്ല എന്ന് ഉറപ്പാക്കാനും ഉപയോഗിക്കാം എന്ന് അധികൃതർ വ്യക്തമാക്കി.
ഹോം ക്വാറന്റൈനിൽ ഉള്ള വ്യക്തികളുടെ നിലവിലെ സ്ഥാനം, അവരുടെ മറ്റു വിവരങ്ങൾ എന്നിവ ആരോഗ്യ വകുപ്പുമായി ഈ ആപ്പ് പങ്കുവെക്കുന്നതിലൂടെ ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ട വ്യക്തിയുടെയും, സമൂഹത്തിന്റെയും, ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ കഴിയും. ഒരു വ്യക്തിയെ ഹോം ക്വാറന്റൈനിൽ തുടരാൻ നിർദ്ദേശിക്കുമ്പോൾ തന്നെ അവരുടെ സ്മാർട്ട് ഫോണിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയാണ് അധികൃതർ ചെയ്യുന്നത്. അതിനു ശേഷം ക്വാറന്റൈനിൽ ഉള്ള വ്യക്തി അധികൃതർ നൽകുന്ന യൂസർ ഐഡിയും പാസ്സ് വേർഡും ഉപയോഗിച്ച് ഈ ആപ്പ് പ്രവർത്തിപ്പിക്കാൻ ആരംഭിക്കുന്നു.
ആരോഗ്യ വകുപ്പ് നിരന്തരമായി ഈ ആപ്പ് പങ്കു വെക്കുന്ന വിവരങ്ങൾ വിശകലനം ചെയ്യുകയും ആവശ്യമുള്ള നിർദ്ദേശങ്ങൾ വ്യക്തിക്ക് നൽകുകയും ചെയ്യും.