യു എ ഇ: ദേശീയ അണുനശീകരണ യജ്ഞം തുടരും

GCC News

കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി യു എ ഇയിൽ ദിനവും വൈകീട്ട് 8 മണി മുതൽ പിറ്റേന്ന് രാവിലെ 6 വരെ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളും അണുനശീകരണ പരിപാടികളും തുടരാൻ ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും തീരുമാനിച്ചു.

മാർച്ച് 26, വ്യാഴാഴ്ച്ചയാണ് യു എ ഇയിൽ ദേശീയ അണുനശീകരണ യജ്ഞം എന്ന പേരിൽ കൊറോണാ വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസത്തെ അണുനശീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പിന്നീട് ഈ പ്രവർത്തനങ്ങൾ ഏപ്രിൽ 5 രാവിലെ വരെ നീട്ടിയതായി അറിയിച്ചിരുന്നു. ഇപ്പോൾ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ ശുചീകരണ പ്രവർത്തനങ്ങൾ തുടരാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പ്രകാരം ഓരോ എമിറേറ്റുകളുടെയും സാഹചര്യങ്ങൾക്കനുസരിച്ച് ഈ അണുനശീകരണ പ്രവർത്തനങ്ങൾ തുടർന്നും ദിനവും നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഓരോ എമിറേറ്റുകളും അവരുടെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഈ നടപടികളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതായിരിക്കും. ദിവസവും രാത്രി 8 മുതൽ പിറ്റേന്ന് രാവിലെ 6 വരെയായിരിക്കും ഈ പ്രവർത്തനങ്ങൾ.

ദിനവും അണുനശീകരണ നടപടികൾ നടക്കുന്ന സമയത്ത് ആളുകൾക്ക് പുറത്തിറങ്ങുന്നതിനും, പൊതു ഗതാഗത സംവിധാനങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും തുടരുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങളോട് ഈ സമയത്ത് വീടുകളിൽ തുടരാനും തീർത്തും ഒഴിവാക്കാൻ കഴിയാത്ത അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാനും മന്ത്രാലയം ആവശ്യപെട്ടിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകും.