ഒമാനിൽ നിന്നുള്ള ഉംറ തീർത്ഥാടകർക്ക് ACYW135 വാക്സിൻ നിർബന്ധം

GCC News

രാജ്യത്ത് നിന്ന് ഉംറ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ACYW135 വാക്സിൻ (മെനിഞ്ചോ കോക്കൽ കോഞ്ചുഗേറ്റ് വാക്സിൻ) നിർബന്ധമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2025 ജനുവരി 17-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഒമാനിൽ നിന്ന് ഉംറയ്ക്കായി പോകാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസികൾക്കും, പൗരന്മാർക്കും ഈ തീരുമാനം ബാധകമാണ്. സൗദി അധികൃതർ മുന്നോട്ട് വെച്ചിട്ടുള്ള നിബന്ധനകൾ പ്രകാരമാണിത്.

തീർത്ഥാടകർ ഈ വാക്സിൻ എടുത്തതായി തെളിയിക്കുന്ന ഒരു വാക്സിനേഷൻ സർട്ടിഫിക്കേറ്റ് നേടേണ്ടതാണ്. ‘Tarassud’ സംവിധാനത്തിലൂടെയാണ് ആരോഗ്യ മന്ത്രാലയം ഈ സർട്ടിഫിക്കേറ്റ് ലഭ്യമാക്കുന്നത്.

അഞ്ച് വർഷത്തേക്കാണ് ഈ വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി. സൗദി അറേബ്യയിലേക്ക് യാത്ര പുറപ്പെടുന്നതിന് ചുരുങ്ങിയത് പത്ത് ദിവസം മുൻപെങ്കിലും ഈ വാക്സിൻ സ്വീകരിക്കേണ്ടതാണ്.

ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഈ വാക്സിൻ ലഭ്യമാണ്. ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുള്ള ഏതാനം സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്നും ഈ വാക്സിൻ ലഭിക്കുന്നതാണ്.

ഇതിന് പുറമെ ഉംറയ്‌ക്കായി പുറപ്പെടുന്നതിന് മുൻപായി സീസണൽ ഫ്ലൂ വാക്സിന്റെ ഒരു ഡോസ് കുത്തിവെപ്പ് സ്വീകരിക്കാനും ഒമാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.