എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി സെക്യൂരിറ്റി ചെക്ക്പോയിന്റുകളിലേക്കെത്തുന്ന വാഹനങ്ങളിലെ യാത്രികർക്ക് ഉപകാരപ്രദമാകുന്ന നിർദ്ദേശങ്ങൾ നൽകുന്നതിനായി ഒരു അടിയന്തിര റേഡിയോ പ്രക്ഷേപണ സേവനം ആരംഭിച്ചതായി അബുദാബി പോലീസ് വ്യക്തമാക്കി. എമിറേറ്റിലേക്ക് പ്രവേശനം അനുവദിക്കുന്ന ചെക്ക്പോയിന്റുകൾക്ക് സമീപത്തേക്ക് വരുന്ന വാഹനങ്ങളിൽ 24 റേഡിയോ സ്റ്റേഷനുകളിലൂടെ ഈ അടിയന്തിര പ്രക്ഷേപണം ലഭിക്കുന്നതാണ്.
മാർച്ച് 19-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ചെക്ക്പോയിന്റുകൾക്ക് 200 മീറ്റർ ചുറ്റളവിലെത്തുന്ന വാഹനങ്ങളിലെ റേഡിയോകളിൽ അബുദാബി പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള ഈ പ്രക്ഷേപണം ലഭിക്കുന്നതാണ്.
ചെക്ക്പോയിന്റുകളിലെ നടപടിക്രമങ്ങൾ, നിർദ്ദേശങ്ങൾ, മറ്റു അറിയിപ്പുകൾ മുതലായവയാണ് ഈ റേഡിയോ പ്രക്ഷേപണത്തിലൂടെ വാഹനയാത്രികർക്ക് പോലീസ് നൽകുന്നത്. നിലവിൽ അറബിക്, ഇംഗ്ലീഷ്, ഉറുദു, മലയാളം എന്നീ ഭാഷകളിൽ ഈ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.
ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ, വാഹനങ്ങൾ പ്രവേശിക്കേണ്ട ലൈൻ സംബന്ധിച്ച നിർദ്ദേശങ്ങൾ, വേഗത സംബന്ധമായ നിർദ്ദേശങ്ങൾ, വാഹനങ്ങളിൽ അനുവദനീയമായ പരമാവധി യാത്രികരുടെ എണ്ണം സംബന്ധിച്ച അറിയിപ്പുകൾ, ചെക്ക്പോയിന്റിലെ സുരക്ഷാ നിയമങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ തുടങ്ങിയവയാണ് വിവിധ ഭാഷകളിൽ ഈ റേഡിയോ പ്രക്ഷേപണത്തിലൂടെ നൽകുന്നത്. ഇതോടൊപ്പം, യാത്രികരോട് മാസ്കുകൾ ശരിയായ രീതിയിൽ ധരിക്കുന്നത് ഓർമ്മപ്പെടുത്തുന്ന സന്ദേശങ്ങളും, ചെക്ക്പോയിന്റിലെ പരിശോധനകൾക്കായി എമിറേറ്സ് ഐഡി, അൽഹൊസൻ ആപ്പിലെ COVID-19 ടെസ്റ്റ് റിസൾട്ട് എന്നിവ നൽകുന്നതിനുള്ള നിർദ്ദേശങ്ങളും ഈ പ്രക്ഷേപണത്തിലൂടെ അധികൃതർ നൽകുന്നുണ്ട്.