റോഡപകടങ്ങൾ ഒഴിവാക്കുന്നതിനായി ക്ഷീണം, ഉറക്കം എന്നിവ അനുഭവപ്പെടുന്ന സമയങ്ങളിൽ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് അബുദാബി പോലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി. ഡ്രൈവർമാരുടെ ക്ഷീണം, മയക്കം എന്നിവ അപകടങ്ങളിലേക്ക് നയിക്കാമെന്നതിനാൽ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് മുൻപായി മതിയായ വിശ്രമം നേടിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താൻ പോലീസ് ആഹ്വാനം ചെയ്തു.
റമദാനിൽ റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് അബുദാബി പോലീസ് ഈ നിർദ്ദേശം നൽകിയത്. നോമ്പ് എടുക്കുന്ന വേളയിൽ ഏതാനം പേരിൽ കണ്ട് വരുന്ന ആവശ്യമായ ഉറക്കം ഒഴിവാക്കുന്ന പ്രവണത അപകടങ്ങൾക്ക് ഇടയാക്കാമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. നോമ്പ് വേളയിൽ ഭക്ഷണപാനീയങ്ങൾ ഉപയോഗിക്കാത്തതിനാൽ ശരീരത്തിന് തളർച്ച അനുഭവപ്പെടാൻ ഇടയുണ്ടെന്നും, അതിനാൽ ഡ്രൈവർമാരുടെ ശ്രദ്ധ കുറയുന്നതിന് ഇത് ഇടയാക്കാമെന്നും പോലീസ് കൂട്ടിച്ചേർത്തു.
വാഹനങ്ങൾ ഓടിക്കുന്നവർ ക്ഷീണം അനുഭവപ്പെടുന്ന അവസരത്തിൽ റോഡിന്റെ വലത് വശത്ത് അത്യാവശ്യം സന്ദർഭത്തിൽ വാഹനങ്ങള്‍ നിറുത്തിയിടുന്നതിനുള്ള സ്ഥലങ്ങളിൽ തങ്ങളുടെ വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്ത ശേഷം മതിയായ വിശ്രമം ഉറപ്പ് വരുത്തണമെന്നും പോലീസ് കൂട്ടിച്ചേർത്തു. മയക്കം അനുഭവപ്പെടുന്ന അവസരത്തിൽ സ്വന്തം സുരക്ഷ മുൻനിർത്തിയും, മറ്റുളളവരുടെ സുരക്ഷ കരുതിയും വാഹനങ്ങൾ ഡ്രൈവ് ചെയ്യരുതെന്ന് പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.