അബുദാബി: തൊഴിലാളികൾക്കുള്ള ബസുകൾക്ക് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ വിലക്കേർപ്പെടുത്തി

GCC News

തൊഴിലാളികൾക്ക് യാത്രാ സേവനങ്ങൾ നൽകുന്ന ബസുകൾക്ക് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ ഒരു മേഖലയിൽ വിലക്കേർപ്പെടുത്തിയതായി അബുദാബി പോലീസ് അറിയിച്ചു. 2023 ഡിസംബർ 24-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

26 അല്ലെങ്കിൽ അതിൽ കൂടുതൽ യാത്രികരെ വഹിക്കാനാകുന്ന ഇത്തരം ബസുകൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഷെയ്ഖ് സായിദ് പാലത്തിനും, ഷെയ്ഖ് സായിദ് ടണലിനും ഇടയിലുള്ള മേഖലയിൽ ഇരുവശത്തേക്കും ഈ വിലക്ക് ബാധകമാണ്.

ഈ മേഖലയിലെ ട്രാഫിക് തിരക്ക് കുറയ്ക്കുന്നതിനും, അപകട സാധ്യതകൾ പരമാവധി ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി. ഈ വിലക്ക് മറികടക്കുന്ന വാഹനങ്ങൾക്ക് പിഴ ഉൾപ്പടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരുന്നതാണ്.