എമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നൽ കർശനമായി പാലിക്കുന്ന ഡ്രൈവർമാരുടെ എണ്ണം ഏറെ വർധിച്ചതായി അബുദാബി പോലീസ് ചൂണ്ടിക്കാട്ടി. 2022 സെപ്റ്റംബർ 14-നാണ് അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചത്.
റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, എമിറേറ്റിലെ റോഡുകളിൽ സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സൈൻ കണക്കിലെടുക്കാതെ വാഹനങ്ങൾ ഓടിക്കുന്ന പ്രവണത ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികൾ ലക്ഷ്യം കണ്ടതായി പോലീസ് വ്യക്തമാക്കി.
അബുദാബിയിലെ ഡ്രൈവർമാരിൽ 93 ശതമാനത്തോളം ഡ്രൈവർമാർ സ്കൂൾ ബസുകളുമായി ബന്ധപ്പെട്ട ഈ നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. 2019-ലെ കണക്കുകൾ പ്രകാരം ഇത് 76 ശതമാനം മാത്രമായിരുന്നെന്നും പോലീസ് കൂട്ടിച്ചേർത്തു.
സ്കൂൾ ബസുകളിൽ നിന്ന് ഇറങ്ങുന്നവരും, സ്കൂൾ ബസുകളിലേക്ക് കയറുന്നവരുമായ വിദ്യാർത്ഥികൾക്ക് സുരക്ഷിതരായി റോഡ് മുറിച്ച് കടക്കുന്നതിനായാണ് എമിറേറ്റിലെ ബസുകളിൽ പ്രത്യേക സ്റ്റോപ്പ് സൈൻ ഏർപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികളെ ഇറക്കുന്നതിനോ, കയറ്റുന്നതിനോ ആയി സ്കൂൾ ബസുകൾ റോഡിൽ നിർത്തുന്ന അവസരത്തിൽ, മറ്റു വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി, ബസ് ഡ്രൈവർ ഈ സ്റ്റോപ്പ് സൈൻ ഉയർത്തി വെക്കുന്നതാണ്.
ഇത്തരത്തിൽ സ്റ്റോപ്പ് സൈൻ ഉയർത്തിയിട്ടുള്ള സ്കൂൾ ബസുകൾക്ക് ഇരുവശത്തേക്കും അഞ്ച് മീറ്റർ പരിധിയിൽ വരുന്ന എല്ലാ വാഹനങ്ങളും പൂർണ്ണമായും നിർത്തിയിടണം എന്നാണ് നിയമം. ഈ നിയമം തെറ്റിക്കുന്ന വാഹനങ്ങൾക്ക് ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 91 പ്രകാരം, 1000 ദിർഹം പിഴയും, 10 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണ്.
സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സൈൻ കണക്കിലെടുക്കാതെ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരെ കണ്ടെത്തുന്നതിനായി 2021-ൽ ഇത്തരം ബസുകളിൽ അബുദാബി പോലീസ് ഒരു പ്രത്യേക റഡാർ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഈ സ്വയമേവ പ്രവർത്തിക്കുന്ന റഡാർ സംവിധാനത്തിലൂടെ അബുദാബിയിലെ റോഡുകളിൽ സ്റ്റോപ്പ് സൈൻ ഉയർത്തിയിട്ടുള്ള സ്കൂൾ ബസുകളുടെ അരികിലൂടെ ഇരുവശത്തേക്കും നിർത്താതെ പോകുന്ന മറ്റു വാഹനങ്ങളെ കണ്ടെത്തുന്നതിനും, അവർക്കെതിരെ നടപടിയെടുക്കുന്നതിനും പോലീസ് വകുപ്പിന് സാധിക്കുന്നതാണ്.