എമിറേറ്റിൽ വേനൽക്കാല സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്‌കരണം നൽകുന്നത് ലക്ഷ്യമിട്ടുള്ള ‘സേഫ് സമ്മർ’ ക്യാമ്പയിനിന്റെ അഞ്ചാമത് പതിപ്പിന് അബുദാബി പോലീസ് തുടക്കമിട്ടു. 2024 ജൂൺ 10-നാണ് അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചത്.
വേനൽക്കാലത്ത് കൈക്കൊള്ളേണ്ട സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനായാണ് അബുദാബി പോലീസ് ഇത്തരം ഒരു പ്രചാരണ പരിപാടി ആരംഭിച്ചിരിക്കുന്നത്. ഈ ക്യാമ്പയിൻ 2024 ഓഗസ്റ്റ് 31 വരെ തുടരും.
ബോധവത്കരണ സന്ദേശങ്ങൾ, ഉപദേശങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ മുതലായവ ഉപയോഗിച്ച് കൊണ്ടാണ് അബുദാബി പോലീസ് ഈ ക്യാമ്പയിൻ നടത്തുന്നത്. ഇതിനായി മാധ്യമങ്ങൾ, സാമൂഹിക കൂട്ടായ്മകൾ മുതലായ വിവിധ മാർഗ്ഗങ്ങൾ അബുദാബി പോലീസ് ഉപയോഗിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി താഴെ പറയുന്ന കാര്യങ്ങൾ പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്:
- സ്വിമ്മിങ് പൂളുകളിലും, അവയ്ക്കരികിലും മുതിർന്നവരുടെ മേൽനോട്ടമില്ലാതെ കുട്ടികൾ ഇറങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള നിരീക്ഷണം ഏർപ്പെടുത്തേണ്ടതാണ്.
- വാഹനങ്ങളുടെ ടയറുകളുടെ നിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.
- ഉയർന്ന അന്തരീക്ഷ താപനിലയിൽ കുട്ടികളുടെ സുരക്ഷ, വാഹനങ്ങളുടെ സുരക്ഷ എന്നിവ ഉറപ്പ് വരുത്തേണ്ടതാണ്.
- കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകരുത്.
- അവധിക്കാലത്ത് വിദേശത്തേക്ക് പോകുന്നവർ വീടുകളിൽ പണം, വിലപിടിച്ച മറ്റു വസ്തുക്കൾ എന്നിവ സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ടതും, ഇവ സൂക്ഷിക്കുന്നതിനായി ബാങ്ക് ലോക്കർ ഉപയോഗിക്കേണ്ടതുമാണ്. വീടുകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സ്മാർട്ട് സെക്യൂരിറ്റി സംവിധാനങ്ങൾ പ്രയോജനപ്പെടുത്തേണ്ടതാണ്.
- സുരക്ഷ സംബന്ധിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് 8002626 എന്ന നമ്പറിൽ ഫോൺ ചെയ്തു കൊണ്ട് (അല്ലെങ്കിൽ 2828 എന്ന നമ്പറിലേക്ക് എസ് എം എസ് അയക്കാവുന്നതാണ്) പോലീസ് അധികൃതരെ ബന്ധപ്പെടാവുന്നതാണ്.