അബുദാബി: ട്രാഫിക് പിഴതുകകൾ അടയ്ക്കുന്നതിനുള്ള പുതിയ സ്മാർട്ട് സംവിധാനം പ്രവർത്തനമാരംഭിച്ചു

featured GCC News

എമിറേറ്റിലെ വാഹന ഉടമകൾക്ക് ട്രാഫിക് പിഴതുകകൾ അടയ്ക്കുന്നതിനായുള്ള ഒരു പുതിയ സ്മാർട്ട് സംവിധാനം പ്രവർത്തനമാരംഭിച്ചതായി അബുദാബി പോലീസ് അറിയിച്ചു. 2023 ജൂലൈ 10-നാണ് അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചത്.

ഈ സംവിധാനം അബുദാബി പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.adpolice.gov.ae/en എന്ന വിലാസത്തിൽ നിന്ന് ലഭ്യമാണ്. ‘സ്മാർട്ട് സർവീസസ് ഫോർ മോഡേൺ പോലീസ്’ എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഈ സ്മാർട്ട് സംവിധാനം ആരംഭിച്ചിരിക്കുന്നത്.

ഈ സംവിധാനം ഉപയോഗിച്ച് കൊണ്ട് വാഹന ഉടമകൾ, ഡ്രൈവിംഗ് ലൈസൻസ് ഉള്ള വ്യക്തികൾ തുടങ്ങിയവർക്ക് ട്രാഫിക് പിഴ തുകകൾ അടയ്ക്കാവുന്നതാണ്. ഈ സേവനം ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ സൗജന്യമാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഈ സംവിധാനം ഉപയോഗിക്കുന്നതിനായി എമിറേറ്റ്സ് ഐഡി, വാഹന രജിസ്‌ട്രേഷൻ രേഖകൾ എന്നിവ ആവശ്യമാണ്. ഈ സംവിധാനത്തിൽ താഴെ പറയുന്ന വ്യവസ്ഥകൾ പാലിച്ച് കൊണ്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്:

  • ഈ സേവനം അബുദാബി പോലീസിന്റെ ഏതെങ്കിലും സർവീസ് സെന്റർ മുഖേനെ ലഭിക്കുന്നതിനായി വാഹന ഉടമ, അല്ലെങ്കിൽ അവർ നിയോഗിക്കുന്ന വ്യക്തി സർവീസ് സെന്ററിൽ നേരിട്ട് എത്തേണ്ടതാണ്.
  • ട്രാഫിക് പോയിന്റുകൾ, വാഹനം പിടിച്ചെടുക്കൽ എന്നീ നടപടികൾ ഉൾപ്പെടുന്ന നിയമലംഘനങ്ങൾ ഈ സംവിധാനത്തിന്റെ പരിധിയിൽ വരുന്നതല്ല.

അബുദാബി പോലീസിന്റെ സർവീസ് സെന്ററുകൾക്ക് പുറമെ, അബുദാബി പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ്, അബുദാബി പോലീസ് സ്മാർട്ട് ആപ്പ്, അബുദാബി സർക്കാർ സ്മാർട്ട് ആപ്പ് സംവിധാനമായ TAMM അല്ലെങ്കിൽ TAMM വെബ്സൈറ്റ്, ഡിജിറ്റൽ കിയോസ്ക് എന്നിവയിലൂടെയും ഈ സേവനം ലഭ്യമാണ്.