എമിറേറ്റിൽ അപകടങ്ങൾ നടക്കുന്ന ഇടങ്ങളിൽ ആളുകൾ കാഴ്ച്ചക്കാരായി കൂട്ടം ചേർന്ന് നിൽക്കുന്നതിനെതിരെയുള്ള മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു. ഇത്തരം ഇടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാകാനിടവരുത്തുകയോ, ഇത്തരം ഇടങ്ങളുടെ സമീപം വാഹനങ്ങൾ തെറ്റായ രീതിയിൽ നിർത്തിയിടുകയോ ചെയ്യരുതെന്നും, അപകടങ്ങൾ ശ്രദ്ധയിൽ പെടുന്നവർ അക്കാര്യം ഉടൻ തന്നെ 999 എന്ന നമ്പറിൽ അധികൃതരെ അറിയിക്കണമെന്നും പോലീസ് പൊതുസമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റോഡപകടങ്ങളും മറ്റും നടക്കുന്ന ഇടങ്ങളിലും, തീപിടുത്തം പോലുള്ള അപകടങ്ങൾ നടക്കുന്ന ഇടങ്ങളിലും കാഴ്ച്ചക്കാരായി കൂട്ടം ചേർന്ന് നിൽക്കുന്നവർ സ്വന്തം ജീവൻ അപകടത്തിലാക്കുകയാണെന്നും, അപകടങ്ങളിൽ പെടുന്നവർക്ക് സഹായമെത്തിക്കുന്ന പ്രവർത്തിയിലേർപ്പെടുന്നവരെ തടസപ്പെടുത്തുകയാണെന്നും പോലീസ് ജനങ്ങളെ ഓർമ്മപ്പെടുത്തി.
ഇത്തരം ഇടങ്ങളിൽ കൂട്ടം ചേർന്ന് നിൽക്കുന്നത് അടിയന്തിര സഹായം എത്തിക്കുന്ന പാരാമെഡിക്സ്, സിവിൽ ഡിഫൻസ്, പോലീസ്, റെസ്ക്യൂ തുടങ്ങിയ വിഭാഗങ്ങളുടെ വാഹനങ്ങൾക്ക് തടസം ഉണ്ടാക്കുമെന്നും, ഇത്തരം ഇടങ്ങളിലേക്ക് എത്രയും പെട്ടന്ന് എത്തിച്ചേരുന്നതിൽ നിന്ന് ഇത്തരം വിഭാഗങ്ങളെ തടയുന്നതിന് തുല്യമാണിതെന്നും പോലീസ് ഓർമ്മപ്പെടുത്തി. അടിയന്തിര രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ കാരണമാകുമെന്നും പോലീസ് കൂട്ടിച്ചേർത്തു.
ഇത്തരം ഇടങ്ങളിൽ അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിടുന്നവർ കൂടുതൽ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത സൃഷ്ടിക്കുന്നതായി പോലീസ് ചൂണ്ടിക്കാട്ടി. ആംബുലൻസുകൾ, പോലീസ് വാഹനങ്ങൾ, ഫയർ ട്രക്കുകൾ, മറ്റു അടിയന്തിര സേവനങ്ങൾക്കുപയോഗിക്കുന്ന വാഹനങ്ങൾ മുതലായവയ്ക്ക് തടസമുണ്ടാക്കുന്ന ഇത്തരം പ്രവർത്തികളിൽ നിന്ന് വിട്ട് നിൽക്കാൻ അബുദാബി പോലീസ് നേരത്തെയും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപകടങ്ങൾ നടക്കുന്ന ഇടങ്ങളിൽ കൂട്ടം ചേർന്ന് നിൽക്കുന്നതിലൂടെ ട്രാഫിക് തടസങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 74 പ്രകാരം 1000 ദിർഹം പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടങ്ങൾ നടന്ന ഇടങ്ങളിൽ നിന്നുള്ള ഫോട്ടോ, വീഡിയോ ദൃശ്യങ്ങൾ മൊബൈൽ ഫോണിലും മറ്റും പകർത്തുന്നതും, സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും കുറ്റകൃത്യമാണെന്നും, ഇത്തരം പ്രവർത്തനങ്ങൾക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷ ലഭിക്കുമെന്നും പോലീസ് ഓർമ്മപ്പെടുത്തി.