എമിറേറ്റിലെ റോഡുകളിൽ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ വാഹനങ്ങൾ നിർത്താതിരിക്കുന്നവർക്കും, കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കും 500 ദിർഹം പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു. ജൂലൈ 22-നാണ് അബുദാബി പോലീസ് ഈ അറിയിപ്പ് നൽകിയത്.
എമിറേറ്റിലെ റോഡുകളിലെ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ കാൽനട യാത്രികർക്ക് മുൻഗണന നൽകാനും, ഇത്തരം ഇടങ്ങളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും ഡ്രൈവർമാരോട് അബുദാബി പോലീസ് ആവശ്യപ്പെട്ടു. ഇത്തരം വീഴ്ച്ചകൾക്ക് 500 ദിർഹം പിഴ ചുമത്തുന്നതിന് പുറമെ, ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണ്.
പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ കൃത്യമായി വാഹനങ്ങൾ നിർത്തുന്നതിനെക്കുറിച്ചും, സീബ്ര ക്രോസിങ്ങുകളിലൂടെ റോഡ് മുറിച്ച് കടക്കുന്ന കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ഒരു വീഡിയോ ദൃശ്യവും അധികൃതർ ഈ അറിയിപ്പിനൊപ്പം പങ്ക് വെച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ എമിറേറ്റിൽ ഏതാണ്ട് 4138 വാഹനങ്ങൾക്കെതിരെ ഇത്തരം ലംഘനങ്ങൾക്ക് നടപടി കൈക്കൊണ്ടതായും പോലീസ് വ്യക്തമാക്കി.
കാൽനട യാത്രികരുടെ സുരക്ഷ പ്രധാനമാണെന്ന് ഓർമ്മപ്പെടുത്തിയ അബുദാബി പോലീസ്, പദയാത്രികരുടെ സുരക്ഷയ്ക്കായി ജാഗ്രത പുലർത്താൻ വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു. അമിത വേഗത, റോഡ് സിഗ്നലുകളിലെ അശ്രദ്ധ മുതലായവ ഇത്തരം അപകടങ്ങൾക്കിടയാക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. കാല്‍നടക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിനായുള്ള ഇടങ്ങളിലും, ഉൾറോഡുകളിലും, വ്യവസായ മേഖലകളിലും, പാര്‍പ്പിടങ്ങളുള്ള ഇടങ്ങളിലും വാഹനങ്ങൾ കുറഞ്ഞ വേഗതയിൽ ഓടിക്കാനും, പദയാത്രികർക്ക് മുൻഗണന നൽകാനും ഡ്രൈവർമാരോട് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.