റെസ്റ്ററന്റുകളുടെ പേരിലുള്ള വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

UAE

സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട്, എമിറേറ്റിലെ പ്രശസ്തമായ റെസ്റ്ററന്റുകളുടെ പേരിൽ ആരംഭിച്ചിട്ടുള്ള വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് അബുദാബി പോലീസ് പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി. ഇത്തരം വ്യാജ വെബ്സൈറ്റുകളിലേക്ക് സന്ദർശകരെ ആകർഷിക്കുന്നതിനായി ഡൈനിങ്ങ് സേവനങ്ങൾക്കും, ഭക്ഷണ പദാർത്ഥങ്ങൾക്കും വൻ വിലക്കുറവും മറ്റും വാഗ്ദാനം ചെയ്യുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതായും, ഇത്തരം തട്ടിപ്പുകൾക്കിരയാക്കരുതെന്നും പോലീസ് ചൂണ്ടിക്കാട്ടി.

മെയ് 18-നാണ് അധികൃതർ ഇത്തരം ഒരു അറിയിപ്പ് നൽകിയത്. ഇത്തരം ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ അബുദാബി പോലീസ് പൊതു സമൂഹത്തോട് ആവശ്യപ്പെട്ടു. എമിറേറ്റിലെ പ്രശസ്തമായ പല റെസ്റ്ററന്റുകളുടെയും, വാണിജ്യ സ്ഥാപനങ്ങളുടെയും പേര് ഉപയോഗിച്ച് കൊണ്ട് നിരവധി സൈബർ കുറ്റവാളികൾ നിലവിൽ ഇത്തരം വ്യാജ വെബ്സൈറ്റുകൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

വലിയ വിലക്കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന ഇത്തരം വ്യാജ വെബ്സൈറ്റുകളുടെ ആകർഷകങ്ങളായ പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും സജീവമാണെന്നും പോലീസ് കൂട്ടിച്ചേർത്തു. പരസ്യങ്ങളിൽ ആകൃഷ്ടരായി ഇത്തരം വ്യാജ വെബ്സൈറ്റുകളിൽ ഓർഡർ നൽകുന്ന ഉപഭോക്താക്കളുടെ ബാങ്ക് കാർഡ് വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി. പരസ്യത്തിൽ പറയുന്ന വലിയ വിലക്കുറവ് ലഭിക്കുന്നതിനായി ചെറിയ ഫീ ഈടാക്കുന്നു എന്ന വ്യാജേന ഉപഭോക്താക്കളുടെ ബാങ്ക് കാർഡ് വിവരങ്ങൾ തട്ടിയെടുത്ത ശേഷം, ഇത്തരം തട്ടിപ്പ് സംഘങ്ങൾ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വലിയ തുകകൾ പിൻവലിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

ഓൺലൈൻ പണമിടപാടുകൾ നടത്തുന്ന വേളയിൽ വളരെയധികം ശ്രദ്ധപുലർത്തണമെന്ന് അബുദാബി പോലീസ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് അൽ റാഷിദി ജനങ്ങളെ ഓർമ്മപ്പെടുത്തി. വ്യാജ വെബ്സൈറ്റുകളല്ലാ എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ബാങ്ക് കാർഡ് വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കാവൂ എന്നും പോലീസ് കൂട്ടിച്ചേർത്തു.

ഇത്തരം വ്യാജ വെബ്സൈറ്റുകൾ കൂടുതൽ വ്യാപകമാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പലപ്പോഴും ഇത്തരം തട്ടിപ്പുകൾ യു എ ഇയ്ക്ക് പുറത്ത് നിന്നാണ് നടത്തുന്നതെന്നും അതിനാൽ വളരെയധികം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ COVID-19 സാഹചര്യത്തിൽ ഓൺലൈൻ ഡെലിവറി സേവനങ്ങൾ ഉപയോഗിക്കുന്നതിൽ വന്നിട്ടുള്ള വലിയ വർദ്ധനവ് ചൂഷണം ചെയ്യുന്ന രീതിയിലാണ് ഈ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. പൊതുജനങ്ങൾക്ക് ഇത്തരം ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ 8002626 എന്ന ടോൾ ഫ്രീ നമ്പർ ഉപയോഗിച്ചോ, 2828 എന്ന നമ്പറിലേക്ക് സന്ദേശമയച്ചോ, aman@adpolice.gov.ae എന്ന ഇമെയിൽ വിലാസത്തിലൂടെയോ, അബുദാബി പോലീസ് ആപ്പിലൂടെയോ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താവുന്നതാണ്.