എമിറേറ്റിലെ റോഡുകളിൽ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ വാഹനങ്ങൾ നിർത്താതിരിക്കുന്നവർക്കും, കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കും പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു. 2024 ഓഗസ്റ്റ് 2-നാണ് അബുദാബി പോലീസ് ഈ മുന്നറിയിപ്പ് ആവർത്തിച്ചത്.
എമിറേറ്റിലെ റോഡുകളിലെ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ കാൽനട യാത്രികർക്ക് മുൻഗണന നൽകാനും, ഇത്തരം ഇടങ്ങളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും ഡ്രൈവർമാരോട് അബുദാബി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുന്നതാണ്.
ഇതിന് പുറമെ ഇവർക്ക് 6 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണ്. പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ കൃത്യമായി വാഹനങ്ങൾ നിർത്തുന്നതിനെക്കുറിച്ചും, സീബ്ര ക്രോസിങ്ങുകളിലൂടെ റോഡ് മുറിച്ച് കടക്കുന്ന കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ഒരു വീഡിയോ ദൃശ്യവും അധികൃതർ ഈ അറിയിപ്പിനൊപ്പം പങ്ക് വെച്ചിട്ടുണ്ട്.
അമിത വേഗത, റോഡ് സിഗ്നലുകളിലെ അശ്രദ്ധ മുതലായവ ഇത്തരം അപകടങ്ങൾക്കിടയാക്കുമെന്ന് പോലീസ് നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാല്‍നടക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിനായുള്ള ഇടങ്ങളിലും, ഉൾറോഡുകളിലും, വ്യവസായ മേഖലകളിലും, പാര്‍പ്പിടങ്ങളുള്ള ഇടങ്ങളിലും വാഹനങ്ങൾ കുറഞ്ഞ വേഗതയിൽ ഓടിക്കാനും, പദയാത്രികർക്ക് മുൻഗണന നൽകാനും ഡ്രൈവർ ശ്രദ്ധിക്കേണ്ടതാണ്.