റോഡുകളിൽ വാഹനങ്ങൾ പെട്ടന്ന് വെട്ടിത്തിരിക്കുന്നതിന്റെ അപകടങ്ങൾ അബുദാബി പോലീസ് ചൂണ്ടിക്കാട്ടി

featured UAE

റോഡുകളിൽ വാഹനങ്ങൾ പെട്ടന്ന് വെട്ടിത്തിരിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് അബുദാബി പോലീസ് ഒരു വീഡിയോ ദൃശ്യം പങ്ക് വെച്ചു. 2023 ജനുവരി 6-നാണ് അബുദാബി പോലീസ് ട്വിറ്ററിലൂടെ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

എമിറേറ്റിലെ ഒരു റോഡിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് അബുദാബി പോലീസ് പങ്ക് വെച്ചിരിക്കുന്നത്. മറ്റൊരു റോഡിൽ നിന്ന് അശ്രദ്ധമായി പ്രധാന റോഡിലേക്ക് കയറിയ ശേഷം പെട്ടന്ന് നാല് ലെയിനുകൾ മാറിക്കൊണ്ട് തെറ്റായ രീതിയിൽ ഡ്രൈവ് ചെയ്ത ഒരു കാർ മൂലം മറ്റ് രണ്ട് വാഹനങ്ങൾ അപകടത്തിൽ പെടുന്നത് ഈ വീഡിയോ ദൃശ്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

എമിറേറ്റിലെ റോഡുകളിൽ സിഗ്നൽ കൂടാതെ ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് വാഹനങ്ങൾ ദിശമാറ്റുന്നത് പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അബുദാബി പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇൻഡികേറ്ററുകൾ കൃത്യമായി ഉപയോഗിക്കാതെ വാഹനങ്ങൾ ദിശാമാറ്റി ഓടിക്കുന്നത് പുറകിൽ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരിൽ അമ്പരപ്പ്‌ ഉണ്ടാക്കാനിടയുണ്ടെന്നും, ഇത് വാഹനാപകടങ്ങളിലേക്ക് നയിക്കാമെന്നും പോലീസ് അറിയിച്ചിരുന്നു.

അബുദാബിയിലെ റോഡുകളിൽ പെട്ടന്ന് വെട്ടിത്തിരിക്കുന്ന വാഹനങ്ങൾക്ക് 1000 ദിർഹം പിഴയും, നാല് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണ്. സിഗ്നൽ കൂടാതെ ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് വാഹനങ്ങൾ ദിശമാറ്റുന്നതിന് 400 ദിർഹം പിഴ ചുമത്താവുന്നതാണ്.

ട്രാഫിക് അപകടങ്ങൾ ഒഴിവാക്കുന്നതിനായി, ചെറിയ തെരുവുകളിൽ നിന്ന് എമിറേറ്റിലെ പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ വാഹനങ്ങൾ ശ്രദ്ധയോടെ ഡ്രൈവ് ചെയ്യാൻ അബുദാബി പോലീസ് ഡ്രൈവർമാരോട് ആഹ്വാനം ചെയ്തിരുന്നു.

Cover Image: Abu Dhabi Police.