പൊതുജനങ്ങളുടെ സ്വൈരജീവിതത്തിന് തടസമുണ്ടാക്കുന്ന വിധത്തിൽ എമിറേറ്റിലെ റോഡുകളിൽ അമിതമായ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. 2022 ജനുവരി 20-നാണ് അബുദാബി പോലീസ് ഈ അറിയിപ്പ് നൽകിയത്.
ശബ്ദമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ, അമിതവേഗതയിൽ അശ്രദ്ധമായി ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്ക് പിഴ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വാഹനങ്ങളുടെ എൻജിൻ, മറ്റു ഭാഗങ്ങൾ എന്നിവ അനധികൃതമായി മാറ്റം വരുത്തുന്നവർക്കെതിരെയും പോലീസ് നിയമനടപടികൾ സ്വീകരിക്കുന്നതാണ്. 2021-ൽ മാത്രം ഇത്തരത്തിലുള്ള 2750 വാഹനങ്ങൾ പിടിച്ചെടുത്തതായും അബുദാബി പോലീസ് അറിയിച്ചു.
ശബ്ദമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ, അമിതവേഗതയിൽ അശ്രദ്ധമായി ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്ക് 2000 ദിർഹം പിഴയും, 12 ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അനുമതി കൂടാതെ വാഹനങ്ങളുടെ എൻജിൻ, മറ്റു ഭാഗങ്ങൾ എന്നിവയിൽ മാറ്റം വരുത്തുന്നവർക്കും, വാഹനങ്ങളുടെ സൈലൻസർ ഊരിമാറ്റുന്നവർക്കും 1000 ദിർഹം പിഴയും, 12 ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണെന്നും പോലീസ് അറിയിച്ചു. ഇത്തരം വാഹനങ്ങൾ 30 ദിവസത്തേക്ക് പിടിച്ചെടുക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.
ഇത്തരം പ്രവർത്തികൾക്കെതിരെ കൈക്കൊള്ളുന്ന നിയമനടപടികൾ സംബന്ധിച്ച് അബുദാബി പോലീസ് നേരത്തെയും അറിയിപ്പ് നൽകിയിട്ടുണ്ട്.