റോഡ് സുരക്ഷാ പ്രചാരണ പരിപാടിയുമായി അജ്‌മാൻ പോലീസ്

featured GCC News

റോഡ് സുരക്ഷയെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനായി അജ്‌മാൻ പോലീസ് ഒരു പ്രചാരണ പരിപാടി ആരംഭിച്ചു. 2026 ജനുവരി 13-നാണ് അജ്‌മാൻ പോലീസ് ജനറൽ ഹെഡ് ക്വാർട്ടേഴ്‌സ് ഇക്കാര്യം അറിയിച്ചത്.

“എല്ലാ യാത്രികർക്കും സുരക്ഷിതമായ ഒരു പാത ഒരുക്കാം” എന്ന ആശയത്തിലൂന്നിയാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. അജ്‌മാൻ പോലീസിന്റെ 2026-ലെ ആദ്യത്തെ റോഡ് സുരക്ഷാ പ്രചാരണ പരിപാടിയാണിത്.

ഈ പ്രചാരണ പരിപാടിയുടെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിലൂടെ അറബിക്, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിൽ വിപുലമായ രീതിയിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്. മൂന്ന് മാസം നീണ്ട് നിൽക്കുന്ന ഈ പ്രചാരണ പരിപാടിയിലൂടെ എമിറേറ്റിലെ പൊതുജനങ്ങളിൽ ട്രാഫിക് സുരക്ഷയെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് അജ്‌മാൻ പോലീസ് ലക്ഷ്യമിടുന്നത്.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും, സുരക്ഷിതമായ ഡ്രൈവിംഗ് ശൈലി പ്രോത്സാഹിപ്പിക്കുന്നതിനും, അപകടകരമായ ഡ്രൈവിംഗ് ശീലങ്ങൾ തടയുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നതായി അജ്‌മാൻ പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ റാഷിദ് ഹുമൈദ് ബിൻ ഹിന്ദി അറിയിച്ചു.