യു എ ഇ: അൽ ഹൊസൻ ആപ്പിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി; തെറ്റായ വാക്സിനേഷൻ വിവരങ്ങൾ ഒഴിവാക്കാം

UAE

യു എ ഇയുടെ ഔദ്യോഗിക COVID-19 ടെസ്റ്റിംഗ് ആപ്പായ അൽ ഹൊസന്റെ പുതുക്കിയ പതിപ്പിൽ ഏതാനം പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. ഇതിൽ തെറ്റായ COVID-19 വാക്സിനേഷൻ വിവരങ്ങൾ ആപ്പിൽ നിന്ന് ഒഴിവാക്കുന്നത് ഉൾപ്പടെയുള്ള സേവനങ്ങൾ പുതിയതായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.

അൽ ഹൊസൻ ആപ്പിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് അധികൃതർ ഇക്കാര്യങ്ങൾ പങ്ക് വെച്ചത്. പുതിയതായി താഴെ പറയുന്ന സേവനങ്ങളാണ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്:

COVID-19 വാക്സിന്റെ ഡോസ് സ്വീകരിച്ചത് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ ആപ്പിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള സേവനം

ആപ്പിലെ പ്രൊഫൈൽ വിൻഡോയിൽ നിന്ന് ഈ സേവനം ലഭ്യമാണ്. ഈ വിൻഡോയിൽ വാക്‌സിൻ ഡോസുകളുടെ ലിസ്റ്റിന് മുകളിൽ വലത് വശത്തുള്ള ചോദ്യചിഹ്നത്തിൽ ക്ലിക്ക് ചെയ്ത് കൊണ്ട് ഈ ലിസ്റ്റിലെ ഒഴിവാക്കാനുള്ള ഡോസ് തിരഞ്ഞെടുക്കാവുന്നതാണ്. തുടർന്ന് റിമൂവ് എന്ന സേവനം തിരഞ്ഞെടുത്ത് കൊണ്ട് ഈ നടപടി പൂർത്തിയാക്കാവുന്നതാണ്.

വാക്സിനെടുക്കുന്നതിൽ ഔദ്യോഗിക ഇളവ് ലഭിച്ചിട്ടുള്ളവർക്ക് ഇത് സംബന്ധിച്ച എക്സെമ്പ്‌ഷൻ സർട്ടിഫിക്കറ്റ് പങ്ക് വെക്കുന്നതിനുള്ള സൗകര്യം

ഈ പുതിയ സേവനത്തിലൂടെ വാക്സിനെടുക്കുന്നതിൽ ഔദ്യോഗിക ഇളവ് ലഭിച്ചിട്ടുള്ള വ്യക്തികൾക്ക് അൽ ഹൊസൻ ആപ്പ് ഉപയോഗിച്ച് കൊണ്ട് തങ്ങളുടെ ഈ ഇളവ് സംബന്ധിച്ച സർട്ടിഫിക്കറ്റ് മറ്റുള്ളവരുമായി പങ്ക് വെക്കാവുന്നതാണ്. നേരത്തെ വാക്സിനേഷൻ സർട്ടിഫിക്കറ്റ്, PCR പരിശോധനാ ഫലം തുടങ്ങിയവ പങ്ക് വെക്കാൻ ആപ്പ് നൽകിയിരുന്ന സേവനങ്ങൾക്ക് സമാനമായാണ് ഈ പുതിയ സേവനം.

വാക്സിൻ രേഖകളിൽ മാറ്റങ്ങൾ വരുത്തുന്ന അവസരത്തിൽ ജാഗ്രത പുലർത്താൻ അൽ ഹൊസൻ ആപ്പ് അധികൃതർ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാക്സിൻ ഡോസ് സംബന്ധിച്ച രേഖകൾ ആപ്പിൽ നിന്ന് ഒഴിവാക്കുകയോ, തിരുത്തുകയോ ചെയ്യുന്ന അവസരത്തിൽ ശെരിയായ രേഖകൾ യാദൃച്ഛികമായി നഷ്ടമാകുന്ന സാഹചര്യത്തിൽ ഇത്തരം വിവരങ്ങൾ ICP/ICA ആപ്പിലൂടെ വീണ്ടും ഉൾപ്പെടുത്തേണ്ടി വരുന്നതാണ്. ഇതിനാലാണ് ജാഗ്രത പുലർത്താൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.