ദുബായ്: ഗ്രോസറി, ഫാർമസി, സൂപ്പർമാർക്കറ്റുകൾ എന്നിവ ഒഴികെ എല്ലാ വാണിജ്യസ്ഥാപനങ്ങളും ഏപ്രിൽ 8 വരെ അടച്ചിടും

GCC News

ദുബായിലെ ഗ്രോസറി, ഫാർമസി, സൂപ്പർമാർക്കറ്റുകൾ എന്നിവ ഒഴികെയുള്ള എല്ലാ വാണിജ്യസ്ഥാപനങ്ങളും മാർച്ച് 25 മുതൽ ഏപ്രിൽ 8 വരെ അടച്ചിടാൻ ദുബായ് ഇക്കോണമി നിർദ്ദേശം നൽകി. യു എ ഇയിൽ മാർച്ച് 23 മുതൽ ജനങ്ങളോട് വീടുകളിൽ തുടരാനും തീർത്തും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ മാത്രം പൊതുഇടങ്ങളിലേക്കിറങ്ങാനും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ദുബായിൽ ഇത്തരത്തിൽ ഒരു തീരുമാനം കൈകൊണ്ടിട്ടുള്ളത്.

https://twitter.com/Dubai_DED/status/1242727455854604292

ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട അവശ്യ വസ്തുക്കൾ ലഭ്യമാക്കുന്നതിനുള്ള ഗ്രോസറികൾ, സൂപ്പർമാർക്കറ്റുകൾ, കോഓപ്പറേറ്റീവ് സ്ഥാപനങ്ങൾ, ഫാർമസികൾ എന്നിവ ഒഴികെ എല്ലാ സ്ഥാപനങ്ങളും നിർബന്ധമായും അടച്ചിടും. ഇത്തരത്തിൽ അടക്കേണ്ടി വരുന്ന വാണിജ്യ സ്ഥാപനങ്ങൾക്ക് അവരുടെ ഓൺലൈൻ സേവനങ്ങൾ നൽകുന്നതിന് അനുമതിയുണ്ടായിരിക്കും. തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾ കർശനമായ ആരോഗ്യ സുരക്ഷാ നടപടികൾ നടപ്പിലാക്കി മാത്രമേ പ്രവർത്തിക്കാവൂ.