എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് ഔദ്യോഗിക അനുമതി നേടിയിട്ടുള്ള മുഴുവൻ ദുബായ് റെസിഡൻസി വിസകളിലുള്ളവർക്കും ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാമെന്ന് എമിറേറ്റ്സ് ഔദ്യോഗികമായി അറിയിച്ചു. ഓഗസ്റ്റ് 10-ന് രാവിലെ യു എ ഇ സമയം 9:36-നാണ് എമിറേറ്റ്സ് തങ്ങളുടെ ഔദ്യോഗിക യാത്രാ നിബന്ധനകളിൽ ഇത് സംബന്ധിച്ചുള്ള ഭേദഗതി വരുത്തിയത്.
https://www.emirates.com/ae/english/help/covid-19/dubai-travel-requirements/residents/ എന്ന വിലാസത്തിൽ ഈ യാത്രാ നിബന്ധനകൾ ലഭ്യമാണ്.
ഓഗസ്റ്റ് 10-ന് രാവിലെ (യു എ ഇ സമയം 11-ന്) ഇന്ത്യ – ദുബായ് യാത്രാ സംബന്ധമായ സംശയങ്ങൾക്ക് മറുപടിയായും എമിറേറ്റ്സ് കസ്റ്റമർ സപ്പോർട്ട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. “ഞങ്ങൾക്ക് ലഭിച്ച ഏറ്റവും പുതിയ നിർദ്ദേശങ്ങൾ പ്രകാരം, ദുബായിലേക്ക് യാത്രചെയ്യുന്നതിന് COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇപ്പോൾ ആവശ്യമായ ഒരു രേഖയല്ല. https://www.emirates.com/ug/english/help/covid-19/dubai-travel-requirements/residents/ എന്ന വിലാസത്തിൽ നൽകിയിട്ടുള്ള യാത്രാ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് ദുബായിലേക്ക് യാത്രാനുമതി ഉണ്ടായിരിക്കുന്നതാണ്.”, കോവിഷീൽഡ് വാക്സിനെടുത്തവർക്ക് ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്രാ ചെയ്യാൻ അനുമതിയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി എമിറേറ്റ്സ് കസ്റ്റമർ സപ്പോർട്ട് ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഈ അറിയിപ്പ് പ്രകാരം, ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക മുതലായ രാജ്യങ്ങളിൽ നിന്ന് താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് ദുബായിലേക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്:
- ഈ രാജ്യങ്ങളിൽ നിന്നുള്ള സാധുതയുള്ള യു എ ഇ വിസകളിലുള്ളവർക്ക് ദുബായിലേക്ക് യാത്ര ചെയ്യാവുന്നതാണ്.
- ദുബായ് വിസകളിലുള്ളവർ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിൽ (GDRFA) നിന്നുള്ള മുൻകൂർ യാത്രാനുമതിക്ക് നിർബന്ധമായും അപേക്ഷിച്ചിരിക്കണം.
- യാത്രികർക്ക് ദുബായിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR പരിശോധനാ നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. ഈ PCR റിസൾട്ടിന്റെ ആധികാരിത തെളിയിക്കുന്നതിനായി സർട്ടിഫിക്കറ്റിൽ QR കോഡ് നിർബന്ധമാണ്. യു എ ഇ അംഗീകരിച്ചിട്ടുള്ള ലാബുകളിൽ നിന്നുള്ള പരിശോധനാ ഫലങ്ങൾ മാത്രമാണ് അനുവദിക്കുന്നത്.
- യാത്ര പുറപ്പെടുന്ന എയർപോർട്ടിൽ വിമാനത്തിലേക്ക് കയറുന്നതിന് മുൻപായി നാല് മണിക്കൂറിനിടയിൽ നേടിയ COVID-19 റാപിഡ് PCR ടെസ്റ്റ് റിസൾട്ട് നിർബന്ധം. റാപിഡ് ആന്റിജൻ പരിശോധനകൾക്ക് അംഗീകാരമില്ല.
- ഇവർക്ക് ദുബായിലെത്തിയ ശേഷം ഒരു PCR പരിശോധന നടത്തുന്നതാണ്.
GDRFA അനുമതിയുള്ള മുഴുവൻ ദുബായ് റെസിഡൻസി വിസകളിലുള്ളവർക്കും വാക്സിൻ സ്റ്റാറ്റസ് പരിശോധിക്കാതെ തന്നെ യാത്രാനുമതി നൽകിയതായി ഇന്നലെ വൈകീട്ട് മുതൽ തന്നെ വിമാനക്കമ്പനികൾ സൂചനകൾ നൽകിയിരുന്നു. എന്നാൽ യു എ ഇയിൽ നിന്ന് വാക്സിനെടുത്തവർക്ക് മാത്രമാണ് പ്രവേശനാനുമതി എന്നാണ് എമിറേറ്റ്സ് കസ്റ്റർമാർ സപ്പോർട്ടിൽ നിന്ന് ഓഗസ്റ്റ് 10-ന് രാവിലെ ഔദ്യോഗികമായി അറിയിച്ചിരുന്നത്.
എന്നാൽ GDRFA അനുമതിയുള്ള മുഴുവൻ ദുബായ് റെസിഡൻസി വിസകളിലുള്ളവർക്കും ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാമെന്ന് ഇപ്പോൾ എമിറേറ്റ്സ് തങ്ങളുടെ ഔദ്യോഗിക യാത്രാ നിബന്ധനകളിലും, കസ്റ്റമർ സപ്പോർട്ട് ചാനലിലും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.