സൗദി അറേബ്യ: ഖിദ്ദിയ സിറ്റിയിലെ അക്വാറേബ്യ സന്ദർശകർക്ക് തുറന്ന് കൊടുത്തു

GCC News

ഖിദ്ദിയ സിറ്റിയിലെ അക്വാറേബ്യ വാട്ടർ പാർക്ക് 2026 ഏപ്രിൽ 23-ന് സന്ദർശകർക്ക് തുറന്ന് കൊടുത്തു. അക്വാറേബ്യ ഖിദ്ദിയ സിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്കാണിത്. വിനോദം, കായികം, സംസ്കാരം എന്നീ മേഖലകളിലെ ആഗോള ലക്ഷ്യകേന്ദ്രം എന്ന നിലയിൽ ഖിദ്ദിയ സിറ്റിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പുതിയ ചുവടുവയ്പ്പാണിത്.

എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും ആസ്വദിക്കാനാകുന്ന 22 റൈഡുകളും അനുഭവങ്ങളും ഈ വാട്ടർ പാർക്കിലുണ്ട്. ഇതിൽ നാല് ലോക റെക്കോർഡ് ഭേദിച്ച ആകർഷണങ്ങളും ഉൾപ്പെടുന്നു.

ലോകത്തെ ഏറ്റവും ഉയരമേറിയതും, നീളമേറിയതുമായ ‘ജുനൂൻ ഡ്രോപ്പ്’ എന്ന വാട്ടർ കോസ്റ്റർ, ലോകത്തെ ഏറ്റവും നീളമേറിയ സ്ലൈഡ് വീലായ ‘സ്ലിതെറീൽ’, ‘സർഫ്ടോപിയ’ എന്ന കൃത്രിമ വേവ്പൂൾ തുടങ്ങിയവ അക്വാറേബ്യ വാട്ടർ പാർക്കിലെ പ്രധാന ആകർഷണങ്ങളാണ്.

250,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഈ പാർക്ക്, സൗദി അറേബ്യയുടെ തദ്ദേശീയ വന്യജീവികളിൽ നിന്നും പ്രകൃതിദൃശ്യങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയിട്ടുള്ള എട്ട് തീം സോണുകളായി തിരിച്ചിരിക്കുന്നു. ഏഴ് ഡ്രൈ റൈഡുകളും ആകർഷണങ്ങളും ഈ പാർക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദിനവും ഉച്ചയ്ക്ക് 12 മണിമുതൽ രാത്രി 8 മണിവരെയാണ് ഈ പാർക്ക് പ്രവർത്തിക്കുന്നത്. വെള്ളിയാഴ്ചകളിൽ സ്ത്രീകൾക്കും, കുട്ടികൾക്കും മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.

അക്വാറേബ്യ വാട്ടർ പാർക്ക് ടിക്കറ്റ് നിരക്കുകൾ:

  • മുതിർന്നവർക്ക് – 275 റിയാൽ.
  • 4 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് – 170 റിയാൽ.
  • 4 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം.