അസെൻഡ് കേരള 2020: തുടർപ്രവർത്തനങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു

Business

കൊച്ചിയിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപ സംഗമം അസെൻഡ് കേരള 2020ന്റെ തുടർപ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ അവലോകനം ചെയ്തു. ഒരു ലക്ഷം കോടി രൂപയുടെ വ്യവസായ നിക്ഷേപ വാഗ്ദാനങ്ങളാണ് അസെൻഡിൽ ലഭിച്ചത്. ഇതനുസരിച്ച് താൽപര്യപത്രം ഉൾപ്പെടെ 158 ധാരണാപത്രങ്ങൾ സംരംഭകരുമായി ഒപ്പിട്ടു.

ധാരണാ പത്രങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള നടപടികൾ വ്യവസായ വകുപ്പ് എടുക്കുകയാണ്. ഇതിന്റെ ഭാഗമായി പത്തു കോടിയിൽ താഴെ മുതൽമുടക്കുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് അനുമതി   നൽകുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി.

ധാരണാപത്രം ഒപ്പിട്ട നിക്ഷേപകരെ സഹായിക്കുന്നതിന് 28 നോഡൽ ഓഫീസർമാരെ നിയോഗിച്ചു. ഇതിന്റെ തുടർച്ചയായി കെ.എസ്.ഐ.ഡി.സി.യിൽ ഇൻവെസ്റ്റർ ഫെസിലിറ്റേഷൻ സെൽ അടുത്തമാസം ആരംഭിക്കും. അസെൻഡിൽ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള നടപടികളും മുന്നോട്ടുപോകുന്നു.

വ്യവസായങ്ങൾക്ക് 15 ഏക്കറിൽ കൂടുതൽ ഭൂമി വാങ്ങുന്നതിന് 1963-ലെ കേരള ഭൂപരിഷ്‌കരണ നിയമം ഭേദഗതി ചെയ്യും. നിലവിലെ നിയമപ്രകാരം പരമാവധി 15 ഏക്കർ ഭൂമിയേ കൈവശം വയ്ക്കാൻ പാടുള്ളൂ. പത്തു മീറ്ററിൽ താഴെ വീതിയുള്ള റോഡുകൾക്കടുത്ത് കെട്ടിട നിർമ്മാണ ചട്ടപ്രകാരം 18,000 ചതുരശ്ര മീറ്ററിൽ  കുറഞ്ഞ കെട്ടിടമേ നിർമ്മിക്കാൻ കഴിയൂ. ഈ പരിധി എട്ടു മീറ്ററാക്കുന്നതിന് കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തും. രാത്രിയിലും സ്ത്രീകൾക്ക് ജോലി ചെയ്യുന്നതിന് കേരള ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെൻറ് ആക്ടിൽ സർക്കാർ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി ഫാക്ടറീസ് ആക്ടിലും ഭേദഗതി വരുത്തും.

വ്യവസായത്തിനു വേണ്ടി ഭൂമി ഒരുക്കുന്നതിനുള്ള അനുമതി കെ-സ്വിഫ്റ്റ് വഴി നൽകാനുള്ള നടപടി സ്വീകരിക്കും. കെ.എസ്.ഐ.ഡി.സിയുടെ വായ്പാ പരിധി 35 കോടി രൂപയിൽ നിന്നും 100 കോടി രൂപയായി ഉയർത്തുമെന്ന പ്രഖ്യാപനവും ഉടനെ നടപ്പാക്കും.

യോഗത്തിൽ മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.സി. മൊയ്തീൻ, ടി.പി. രാമകൃഷ്ണൻ എന്നിവരും ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു.