പുതിയനിയമം ഉൾപ്പെടുത്തി പരിഷ്‌കരിച്ച കെസ്വിഫ്റ്റ് പോർട്ടൽ പ്രവർത്തനം തുടങ്ങി

Business

പത്തുകോടി രൂപവരെ നിക്ഷേപമുള്ള വ്യവസായം തുടങ്ങാൻ മുൻകൂർ അനുമതി വേണ്ട എന്ന വ്യവസ്ഥ ഉൾക്കൊള്ളുന്ന പുതിയ നിയമപ്രകാരമുള്ള നടപടികൾ ഉൾപ്പെടുത്തിയ നിക്ഷേപ അനുമതിക്കുള്ള ഓൺലൈൻ ഏകജാലക സംവിധാനമായ കെ സ്വിഫ്റ്റിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് പ്രവർത്തനം ആരംഭിച്ചു. വ്യവസായ മന്ത്രി ഇ.പി.ജയരാജൻ പുതിയ പതിപ്പ് ഉദ്ഘാടനം ചെയ്തു.

10 കോടി രൂപ വരെ മുതൽമുടക്കുള്ള സംരംഭം തുടങ്ങാൻ മൂന്ന് വർഷത്തേക്ക് ഒരനുമതിയുംവേണ്ട എന്നതാണ് കേരള സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങൾ സുഗമമാക്കൽ ആക്റ്റ് 2019 എന്ന പുതിയ നിയമത്തിലെ വ്യവസ്ഥ. ഈ നിയമം അനുസരിച്ച് സംരംഭം തുടങ്ങാൻ നോഡൽ ഏജൻസിസായ ജില്ലാ ബോർഡ് മുൻപാകെ ഒരു സ്വയം സാക്ഷ്യപത്രം നൽകണം. ഇതിനുപകരം ബോർഡ് ഒരു കൈപ്പറ്റ് രസീത് നൽകും. ഈ രസീത് കിട്ടിക്കഴിഞ്ഞാൽ സംരംഭം തുടങ്ങാം. കെ സ്വിഫ്റ്റിലൂടെ തന്നെ സാക്ഷ്യപത്രം നൽകി കൈപ്പറ്റ് രസീത് ലഭ്യമാക്കാനുള്ള സൗകര്യമാണ് പുതിയതായി ഏർപ്പെടുത്തിയത്. ആറ് മാസത്തിനുള്ളിൽ വ്യവസായ സ്ഥാപനം ആവശ്യമായ അനുമതി വാങ്ങിയാൽ മതി. അതും കെ സ്വിഫ്റ്റിലൂടെ നിർവഹിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു.

11 മാസത്തിനിടെ കെ സ്വിഫ്റ്റ് വഴി 1011 സംരംഭകർ രജിസ്‌ട്രേഷൻ നടത്തി. അതിൽ 496 പേരാണ് കോമൺ അപ്ലിക്കേഷൻ ഫോർമാറ്റ് പൂർത്തീകരിച്ചത്. ഇതിൽ 232 പേർക്ക് അനുമതികളെല്ലാം നൽകി. ബാക്കി 264 അപേക്ഷകളിൽ വിവിധ വകുപ്പുകൾ/ഏജൻസികൾ തുടർനടപടികൾ എടുത്തുവരികയാണെന്ന് മന്ത്രി പറഞ്ഞു.
പത്തുകോടി രൂപയിലധികം മുതൽമുടക്ക് വരുന്ന വ്യവസായങ്ങൾക്ക് കെ സ്വിഫ്റ്റിലൂടെ തന്നെ അപേക്ഷ നൽകാം. 15 കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് ജില്ലാ ബോർഡും 15 കോടിയിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക്  സംസ്ഥാന ബോർഡുമാണ് അനുമതി നൽകുക.

ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിനുവേണ്ടി സവിശേഷമായ ഒരു നിയമം പാസ്സാക്കിയ സംസ്ഥാനമാണ് കേരളം. 2018 ൽ ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ആക്റ്റ് കൊണ്ടുവന്നു. നിക്ഷേപ അനുമതിയുമായി ബന്ധപ്പെട്ട് കേരളത്തിനുണ്ടായിരുന്ന ചീത്തപ്പേര് മായ്ച്ചുകളയുന്നതിലെ സുപ്രധാന ചുവടുവെപ്പായിരുന്നു ഇത്. നിക്ഷേപം നടത്താനുള്ള നടപടികൾ ലളിതമാക്കാൻ നിലവിലെ ഏഴ് നിയമങ്ങളിലും 10 ചട്ടങ്ങളിലും ഭേദഗതി വരുത്തി. ഈ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ സുഗമമാക്കാനാണ് 2019 ഫെബ്രുവരിയിൽ കെ സ്വിഫ്റ്റ് കൊണ്ടുവന്നത്.

കെ സ്വിഫ്റ്റിൽ രജിസ്റ്റർ ചെയ്താൽ നിക്ഷേപകർക്ക് ഓഫീസുകൾ കയറിയിറങ്ങാതെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും അനുമതികൾ നേടാനും കഴിയും. കെ സ്വിഫ്റ്റ് വഴി 14 വിവിധ വകുപ്പുകൾ/ ഏജൻസികൾ എന്നിവയിൽ നിന്നുള്ള 31തരം അനുമതികളും ലൈസൻസുകളും നൽകുന്നു. അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനകം ലൈസൻസുകളും അനുമതികളും നൽകണം. അല്ലാത്തപക്ഷം കൽപ്പിത അനുമതി ലഭ്യമായതായി കണക്കാക്കി നിക്ഷേപകന് സംരംഭം തുടങ്ങാം.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ഇളങ്കോവൻ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ബിജു മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.