23 പേർക്ക് കൂടി കൊറോണാ കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം മാർച്ച് 22, ഞായറാഴ്ച്ച അറിയിച്ചു. ഇതോടെ രാജ്യത്തു ഇതുവരെ 183 പേർക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. കൊറോണാ ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന ഒരാളുടെ മരണം കൂടി ബഹറിനിൽ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തു നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ COVID-19 മരണമാണിത്.
UPDATE:
രാജ്യത്ത് കൊറോണാ ബാധ മൂലം രണ്ടാമത്തെ മരണവും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ വൈറസിന്റെ സമൂഹ വ്യാപനം തടയാനുള്ള
നടപടികൾ അധികൃതർ ശക്തമാക്കി. ഇതിന്റെ ഭാഗമായി പൊതു ഇടങ്ങളിൽ 5 പേരിൽ കൂടുതൽ ഒത്തുചേരുന്നത് വിലക്കിയതായി ഞായറാഴ്ച്ച വൈകീട്ട് ബഹ്‌റൈനിലെ കൊറോണാ പ്രതിരോധ നിയുക്ത സംഘം പ്രത്യേക വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പൊതു പാർക്കുകൾ, ചന്തകൾ, ബീച്ചുകൾ തുടങ്ങി എല്ലാ മേഖലകളിലും ഈ വിലക്ക് ബാധകമാക്കിയിട്ടുണ്ടെന്നും പൊതു സുരക്ഷയ്ക്കായി ജനങ്ങൾ കർശനമായി തമ്മിൽ ഒരു മീറ്ററെങ്കിലും ചുരുങ്ങിയത് അകലം പാലിക്കണമെന്നും അധികൃതർ അറിയിച്ചു. നിയമ ലംഘകർക്കെതിരെ തടവും കനത്ത പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ കൈക്കൊള്ളുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.