സൗദി അറേബ്യ: ഏപ്രിൽ 9 വരെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

featured GCC News

രാജ്യത്തിന്റ വിവിധ മേഖലകളിൽ 2023 ഏപ്രിൽ 9, ഞായറാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ഏപ്രിൽ 4-ന് വൈകീട്ടാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം 2023 ഏപ്രിൽ 5, ബുധനാഴ്ച മുതൽ ഏപ്രിൽ 9 വരെ സൗദി അറേബ്യയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടികാട്ടിയിട്ടുണ്ട്.

മക്ക മേഖലയിൽ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്നും, ഇത് വെള്ളത്തിന്റെ കുത്തൊഴുക്കിന് ഇടയാക്കാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് സാധ്യതയുണ്ട്.

റിയാദിന്റെ വിവിധ മേഖലകളിലും, മദീന, അസിർ, അൽ ബാഹ, ജസാൻ, നജ്‌റാൻ, ഹൈൽ, അൽ ഖാസിം മുതലായ മേഖലകളിലും സാമാന്യം ശക്തമായ മഴ ലഭിക്കാനിടയുണ്ട്. ഈസ്റ്റേൺ പ്രൊവിൻസ് മേഖലയിലും സാമാന്യം ഭേദപ്പെട്ട മഴയ്ക്കും, പൊടിക്കാറ്റിനും സാധ്യതയുണ്ട്.

വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള മേഖലകളിൽ നിന്ന് വിട്ട് നിൽക്കാൻ സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജലാശയങ്ങളിൽ നീന്താനിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Cover Image: Saudi Press Agency.