രാജ്യത്തെ വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മാർച്ച് 21, ഞായറാഴ്ച്ച മുതൽ സിത്ര മാളിനെ ഒരു COVID-19 വാക്സിനേഷൻ കേന്ദ്രമാക്കി മാറ്റിയതായി ബഹ്‌റൈനിലെ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് അറിയിച്ചു. ദേശീയ വാക്സിനേഷൻ യത്നത്തിന്റെ ശേഷി ഉയർത്തുന്നതിനും, വാക്സിൻ കുത്തിവെപ്പുകൾക്കായി റജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം ഉയരുന്നത് കണക്കിലെടുത്തുമാണ് ഈ നടപടി.
ബഹ്‌റൈനിലെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നതിനായി റജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് സിത്ര മാളിലെ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് വാക്സിൻ നൽകുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. SMS മുഖേനെ ലഭിക്കുന്ന സമയക്രമം പാലിച്ച് കൊണ്ട് ഈ കേന്ദ്രത്തിൽ നിന്ന് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്.
രാജ്യത്തെ പ്രവാസികൾക്കും, പൗരന്മാർക്കും ഈ കേന്ദ്രത്തിൽ നിന്ന് വാക്സിൻ ലഭ്യമാക്കുന്നതാണ്. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ ഈ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നതാണ്. രാജ്യത്തെ കൂടുതൽ പേരിലേക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് എത്തിക്കുന്നതിന് ഈ പുതിയ വാക്സിനേഷൻ കേന്ദ്രം സഹായകമാകുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ താത്പര്യമുള്ളവർക്ക്, ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെ ‘BeAware’ ആപ്പിലൂടെയോ, ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയോ (https://healthalert.gov.bh/en/category/vaccine) ഇതിനായുള്ള രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കാവുന്നതാണ്. നിലവിൽ നാല് COVID-19 വാക്സിനുകൾ തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം മന്ത്രാലയം നൽകുന്നുണ്ട്. സിനഫോം വാക്സിൻ, ഫൈസർ വാക്സിൻ, കോവിഷീൽഡ് ആസ്ട്രസെനേക്കാ വാക്സിൻ, സ്പുട്നിക് V എന്നിവയാണിവ. ഇതിന് പുറമെ ജോൺസൻ & ജോൺസൺ നിർമ്മിക്കുന്ന COVID-19 വാക്സിനും ബഹ്‌റൈൻ ഔദ്യോഗിക അനുമതി നൽകിയിട്ടുണ്ട്.