തങ്ങളുടെ നിയമപരമായ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പ് വരുത്താൻ രാജ്യത്തെ പ്രവാസി തൊഴിലാളികളോട് ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) നിർദ്ദേശം നൽകി. 2022 ഒക്ടോബർ 13-നാണ് LMRA ഇക്കാര്യം അറിയിച്ചത്.
LMRA നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ, മറ്റു നിബന്ധനകൾ എന്നിവ കർശനമായി പാലിക്കുന്നുണ്ടെന്ന് ഓരോ തൊഴിലാളിയും ഉറപ്പ് വരുത്തേണ്ടതാണ്. നിയമനടപടികൾ ഒഴിവാക്കുന്നതിനും, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇത് വളരെ പ്രധാനമാണെന്ന് LMRA കൂട്ടിച്ചേർത്തു.
രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുൻപായി ബഹ്റൈനിലെ നിയമങ്ങൾ അനുസരിച്ച് പ്രവാസി തൊഴിലാളികൾ നിർബന്ധമായും തൊഴിലുടമയിൽ നിന്നുള്ള ഒരു ഔദ്യോഗിക വർക്ക് പെർമിറ്റ് നേടിയിരിക്കേണ്ടതാണ്. ഇത്തരം പെർമിറ്റുകളില്ലാതെ അനധികൃതമായി തൊഴിലിൽ ഏർപ്പെടുന്ന വിദേശികൾക്ക് നിയമനടപടികൾ നേരിടേണ്ടി വരുന്നതാണ്.
വിസിറ്റ് വിസകളിലെത്തുന്നവർ തൊഴിലിൽ ഏർപ്പെടുന്നതിന് ബഹ്റൈൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ലംഘനങ്ങളിലേർപ്പെടുന്നവർക്ക് പിഴ ചുമത്തുന്നതും, ഇവരെ നാട് കടത്തുന്നതുമാണ്.
വർക്ക് പെർമിറ്റുകൾ നേടിയ ശേഷം ബഹ്റൈനിലെത്തുന്ന വിദേശികൾ ബയോമെട്രിക് വിവരങ്ങൾ അധികൃതർക്ക് നൽകുന്നത് ഉൾപ്പടെയുള്ള ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതാണ്. ആദ്യമായി ബഹ്റൈനിൽ പ്രവേശിക്കുന്ന തീയതി മുതൽ ഒരു മാസത്തിനുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള തൊഴിലുടമയ്ക്ക് കീഴിൽ മാത്രമാണ് തൊഴിലാളികൾക്ക് തൊഴിലെടുക്കാൻ അനുമതി നൽകിയിരിക്കുന്നതെന്നും LMRA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.