രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) മുഹറഖ് ഗവർണറേറ്റിലും, ക്യാപിറ്റൽ ഗവർണറേറ്റിലും പ്രത്യേക പരിശോധനകൾ നടത്തി.
2022 ഒക്ടോബർ 23-നാണ് LMRA മുഹറഖ് ഗവർണറേറ്റിൽ പരിശോധന നടത്തിയത്. മുഹറഖ് ഗവർണറേറ്റിലെ പ്രവാസി തൊഴിലാളികൾ ഒത്ത് ചേരുന്ന ഇടങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ LMRA സംഘം പരിശോധനകൾ നടത്തി.
നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സുമായി (NPRA) ചേർന്നാണ് LMRA ഈ പരിശോധനകൾ നടത്തിയത്. ഈ പരിശോധനകളിൽ തൊഴിൽ നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതായും, നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
2022 ഒക്ടോബർ 22-നാണ് LMRA ക്യാപിറ്റൽ ഗവർണറേറ്റിൽ പരിശോധന നടത്തിയത്. ഈ പരിശോധനകളുടെ ഭാഗമായി ഏതാനം പേരെ അറസ്റ്റ് ചെയ്തതായും LMRA അറിയിച്ചിട്ടുണ്ട്. വരും ദിനങ്ങളിൽ പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.