ബഹ്‌റൈൻ: മാർച്ച് 14 മുതൽ COVID-19 നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കും; ഭക്ഷണശാലകളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കും

featured GCC News

രാജ്യത്തെ വിവിധ മേഖലകളിലെ COVID-19 നിയന്ത്രണങ്ങളിൽ 2021 മാർച്ച് 14, ഞായറാഴ്ച്ച മുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടക്കി കൊണ്ടുവരുന്നതിനുള്ള നിർദ്ദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം നൽകിയിട്ടുള്ളത്.

https://twitter.com/MOH_Bahrain/status/1370027799767961605

മാർച്ച് 11-ന് വൈകീട്ടാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്തെ നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്‌സുമായി കൂടിയാലോചിച്ചാണ് മന്ത്രാലയം ഈ ഇളവുകൾ നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായി താഴെ പറയുന്ന നിർദ്ദേശങ്ങളാണ് മാർച്ച് 14 മുതൽ ബഹ്‌റൈനിൽ നടപ്പിലാക്കുന്നത്:

  • രാജ്യത്തെ മുഴുവൻ സ്വകാര്യ, പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികൾ നേരിട്ടെത്തുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
  • റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളിൽ ഇൻഡോർ ഡൈനിങ്ങ് അനുവദിക്കും. പരമാവധി 30 ഉപഭോക്താക്കൾക്കാണ് ഒരേ സമയം സേവനം നൽകുന്നതിന് അനുമതി നൽകിയിട്ടുള്ളത്.
  • സ്വകാര്യ ഇൻഡോർ ജിം, സ്വിമ്മിങ്ങ് പൂൾ, സ്പോർട്സ് ഹാൾ മുതലായവ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി.
  • വീടുകളിലും, സ്വകാര്യ ഇടങ്ങളിലും 30 പേരിൽ കൂടുതൽ പങ്കെടുക്കുന്ന ചടങ്ങുകൾ, ഒത്ത്ചേരലുകൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്കുകൾ തുടരും.

അതേസമയം, 2021 മാർച്ച് 11, വ്യാഴാഴ്ച്ച മുതൽ രാജ്യത്തെ പള്ളികളിൽ മുഴുവൻ പ്രാർത്ഥനാ സമയങ്ങളിലും വിശ്വാസികൾക്ക് പ്രവേശനമനുവദിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക്ക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചിട്ടുണ്ട്.