ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ യാത്രികരുടെ യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തിയതായി രാജ്യത്തെ COVID-19 പ്രതിരോധ നടപടികളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്ക് പുറമെ, ശ്രീലങ്കയിൽ നിന്നുള്ള യാത്രികർക്കും ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ട്രാൻസിറ്റ് യാത്രികർക്കും ഈ നിബന്ധനകൾ ബാധകമാണ്.
മെയ് 1-ന് പുലർച്ചെയാണ് ബഹ്‌റൈൻ നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2021 ഏപ്രിൽ 27 മുതൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ഈ പുതിയ അറിയിപ്പോടെ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് താഴെ പറയുന്ന യാത്രാ നിബന്ധനകൾ ബാധകമാണ്:
- ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക്, ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
- ഇത്തരം PCR നെഗറ്റീവ് സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കുന്ന പരിശോധനകൾക്കായി അവയിൽ QR കോഡ് ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്.
നിലവിലുള്ള മറ്റു യാത്രാ നിബന്ധനകൾ തുടരുന്നതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്ക് ബഹ്‌റൈനിലെത്തിയ ശേഷം വിമാനത്താവളത്തിൽ വെച്ച് PCR പരിശോധന നടത്തുന്നതാണ്. ഇവർ രാജ്യത്ത് പ്രവേശിച്ച ശേഷം അഞ്ചാമത്തേയും, പത്താമത്തേയും ദിനങ്ങളിൽ ഓരോ PCR പരിശോധനകൾ കൂടി നടത്തേണ്ടതാണ്.
ഇവർ ‘BeAware Bahrain’ ആപ്പ് നിർബന്ധമായും ഉപയോഗക്ഷമമാക്കേണ്ടതും, ക്വാറന്റീൻ നിർദ്ദേശങ്ങൾ പാലിച്ച് കൊള്ളാമെന്ന സ്വയം സാക്ഷ്യപത്രം നൽകേണ്ടതുമാണ്. ഇവർ പരിശോധനാ ഫലങ്ങൾ ലഭിക്കുന്നത് വരെ ക്വാറന്റീനിൽ തുടരേണ്ടതാണ്.