ഭിക്ഷാടനം ഒരുലക്ഷം റിയാൽ പിഴയും, ഒരു വർഷത്തെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി അധികൃതർ

Saudi Arabia

രാജ്യത്ത് ഭിക്ഷാടനം ഒരുലക്ഷം റിയാൽ പിഴയും, പരമാവധി ഒരു വർഷത്തെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. സൗദി മന്ത്രിസഭ അംഗീകരിച്ചിട്ടുള്ള ഭിക്ഷാടന നിരോധന നിയമപ്രകാരം രാജ്യത്ത് ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്ക് കനത്ത ശിക്ഷ നേരിടേണ്ടി വരുന്നതാണ്.

ഈ നിയമത്തിലെ അഞ്ചാമത്തെ ആർട്ടിക്കിളിൽ ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്കുള്ള ശിക്ഷാനടപടികൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയമ പ്രകാരം, ഭിക്ഷാടനത്തിൽ ഏർപ്പെടുന്നതും, യാചകവൃത്തിക്കായി ആളുകളെ ഏർപ്പെടുത്തുന്നതും, പ്രോത്സാഹിപ്പിക്കുന്നതും, യാചകരുടെ ഒരു സംഘത്തെ നിലനിർത്തുന്നതും ഇത്തരം ശിക്ഷാനടപടികൾ നേരിടേണ്ടി വരാവുന്ന കുറ്റകൃത്യമായി കണക്കാക്കുന്നതാണ്. ഇത്തരം പ്രവർത്തികൾക്ക് ഒരു വർഷത്തെ തടവും, ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.

ഭിക്ഷാടനം പ്രോത്സാഹിപ്പിക്കുന്നവർക്കും, ഇത്തരം പ്രവർത്തികൾക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കുന്നവർക്കും ആറ് മാസം വരെ തടവും, 50000 റിയാൽ പിഴയും ലഭിക്കാവുന്നതാണ്. ഇത്തരത്തിൽ പിടിക്കപ്പെടുന്നവർ വിദേശികളാണെങ്കിൽ ഇവർക്ക് മറ്റു ശിക്ഷാ നടപടികൾ ചുമത്തിയ ശേഷം നാടുകടത്തൽ ഉൾപ്പടെയുള്ള നടപടികൾ നേരിടേണ്ടിവരാവുന്നതാണ്. ഇത്തരക്കാർക്ക് സൗദിയിലേക്ക് തിരികെ പ്രവേശിക്കുന്നതിന് അനുമതിയുണ്ടായിരിക്കില്ല.

സൗദി ആഭ്യന്തര മന്ത്രാലയമാണ് ഭിക്ഷാടനത്തിനെതിരായ നടപടികളുടെ ചുമതല നിർവഹിക്കുന്നത്.

നിര്‍ബന്ധിതമായി തൊഴിലെടുപ്പിക്കുന്നതും, ഇത്തരത്തിൽ നടത്തുന്ന ഭിക്ഷാടനവും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.