ഉംറ വിസയ്ക്കായി തീർത്ഥാടകരുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട്ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യുന്ന സംവിധാനം പ്രവർത്തനമാരംഭിച്ചതായും, ആദ്യ ഘട്ടത്തിൽ ഈ സംവിധാനം കുവൈറ്റിൽ നിന്നുള്ള തീർത്ഥാടകർക്കായി പ്രയോഗക്ഷമമാക്കിയതായും സൗദി അധികൃതർ വ്യക്തമാക്കി. ഹജ്ജ്, ഉംറ വിസകൾ ലഭിക്കുന്നതിനായി തീർത്ഥാടകർക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട്ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്ന ഒരു ആപ്പ് സൗദി വിദേശകാര്യ മന്ത്രാലയം ഏതാനം ദിവസങ്ങൾക്ക് മുൻപ് പുറത്തിറക്കിയിരുന്നു.
ഇതിന്റെ ആദ്യ ഘട്ടം കുവൈറ്റിൽ നിന്നുള്ള തീർത്ഥാടകർക്കായി പ്രയോഗക്ഷമമാക്കിയതായാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ ഈ സംവിധാനത്തിന്റെ സേവനം ടുണീഷ്യ, മലേഷ്യ, യു കെ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഹജ്ജ്, ഉംറ തീർത്ഥാടനം നടത്താൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് ഈ സംവിധാനത്തിലൂടെ തങ്ങളുടെ സ്വന്തം രാജ്യങ്ങളിൽ നിന്ന് തന്നെ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് കൊണ്ട് ഓൺലൈനിലൂടെ ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതിനും, വിസ നേടുന്നതിനും സാധിക്കുന്നതാണ്. വിസയുമായി ബന്ധപ്പെട്ട ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായുള്ള വിസ കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും ഈ ഓൺലൈൻ സംവിധാനത്തിലൂടെ ഒഴിവാകുന്നതാണ്.
ഈ ആപ്പിലൂടെ തീർത്ഥാടകർക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ സ്വന്തം ഫോണുകളിലൂടെ ഓൺലൈനായി നൽകുന്നതിന് സാധ്യമാക്കുന്ന രീതിയിലാണ് ഈ ആപ്പ് തയ്യാറിയാക്കിയിരിക്കുന്നത്. തീർത്ഥാടകരുടെ വിരലടയാളങ്ങൾ, കണ്ണ്, മുഖം മുതലായവ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ഈ ആപ്പിലൂടെ നൽകാവുന്നതാണ്.
ബയോമെട്രിക് വിവരങ്ങൾ ഒത്ത് നോക്കുന്ന നടപടികൾ തീർത്ഥാടകർ സൗദിയിലേക്കുള്ള കര, കടൽ, വ്യോമ അതിർത്തികളുടെ പ്രവേശിക്കുന്ന അവസരത്തിൽ പൂർത്തിയാക്കുന്നതാണ്. ഇ-വിസ അനുവദിക്കുന്നതിനായി ഇത്തരത്തിൽ സ്മാർട്ട് ഫോണുകളിലൂടെ ബയോമെട്രിക് രജിസ്‌ട്രേഷൻ ഇതാദ്യമായാണ് ഒരു രാജ്യം നടപ്പിലാക്കുന്നത്.